തിരുവനന്തപുരം: രണ്ടു നാൾ നീണ്ടുനിന്ന അസോസിയേഷൻ ഒഫ് യൂണിവേഴ്സിറ്റീസ് (എ.ഐ.യു ) ദക്ഷിണ മേഖല വൈസ് ചാൻസലർമാരുടെ സമ്മേളനം തക്കല നൂറുൽ ഇസ്ലാം സർവകലാശാല ആസ്ഥാനത്ത് സമാപിച്ചു.
നവഭാരതത്തിനായുള്ള ചിന്തകൾ ശക്തിപ്പെടുത്താൻ വൈസ് ചാൻസലർമാരുടെ സമ്മേളനങ്ങൾക്ക് കഴിയണമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുൻ എ.ഐ.യു പ്രസിഡന്റ് പ്രൊഫ.എസ്.എഫ്.പാട്ടീൽ പറഞ്ഞു. 'ഗവേഷണ രംഗത്തെ വാണിജ്യ മനോഭാവവും സാമൂഹിക പ്രസക്തിയും'' എന്ന വിഷയത്തിൽ പ്രൊഫ. എസ്.പരശുരാമൻ പ്രബന്ധം അവതരിപ്പിച്ചു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടർ പ്രൊഫ. ആനന്ദ് എ.സാമുവൽ, നിസ്റ്റ് ഡയറക്ടർ ഡോ.എ.അജയഘോഷ്, ചെന്നൈ പേറ്റന്റ് ഡിസൈൻ ഡെപ്യൂട്ടി കൺട്രോളർ ഡോ.സി.എൻ.ശശിധര തുടങ്ങിയവർ സംസാരിച്ചു. എ.ഐ.യു ബിസിനസ് സെഷനിൽ എ.ഐ.യു പ്രസിഡന്റ് പ്രൊഫ.എം.എം.സാലങ്കെ ജനറൽ സെക്രട്ടറി പങ്കജ് മിത്തൽ തുടങ്ങിയവർ വിഷയാവതരണം നടത്തി.
നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ. എ.പി.മജീദ് ഖാൻ, പ്രോ.ചാൻസലർ, എം.എസ്.ഫൈസൽ ഖാൻ, നൂറുൽ ഇസ്ലാം സർവകലാശാല എക്സിക്യൂട്ടീവ് ഡയറക്ടർ ശബ്നം ഷഫീക്ക്, അക്കാഡമിക്ക് പ്രോ.ചാൻസലർ ഡോ.ആർ.പെരുമാൾ സ്വാമി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംബന്ധിച്ചു.
അന്താരാഷ്ട്ര മൊബൈൽ നിർമ്മാണക്കമ്പനിയായ ഓപ്പോയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം സീനിയർ ആൽഫ ടെസ്റ്ററായി ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപത് പേരിൽ ഒരാളായ എൻ.ഐ സർവകലാശാല മൂന്നാം വർഷ ഫോറൻസിക് സയൻസ് വിദ്യാർഥി മുഹമ്മദ് ഷാഫി നാസറെ എ.ഐ.യു പ്രസിഡന്റ് പ്രൊഫ.എം.എം.സാലങ്കെ ഉപഹാരം നൽകി ആദരിച്ചു.