തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ രംഗത്തും സാക്ഷരതാ മേഖലയിലും കേരളത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഛത്തീസ്ഗഡ് സംഘമെത്തി. ഛത്തീസ്ഗഡ് സാക്ഷരതാ മിഷൻ അതോറിട്ടി പ്രതിനിധി സംഘം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനെ സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ മന്ത്രി വിശദീകരിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് ഛത്തീസ്ഗഡ് സാക്ഷരതാ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ പുഷ്പ പുരുഷോത്തമൻ പറഞ്ഞു. സർക്കാർ സ്‌കൂളുകൾ സ്വകാര്യ സ്‌കൂളുകളെക്കാളും മികവ് പുലർത്തുന്നതായും ഇതര സംസ്ഥാനക്കാർക്കായി നടപ്പാക്കുന്ന റോഷ്നി പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്നും അവർ പറഞ്ഞു. അദ്ധ്യാപക രക്ഷാകർത്തൃ ബന്ധവും സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യ വികസനവും മെച്ചപ്പെട്ടതാണെന്നും സംഘം വിലയിരുത്തി. സ്‌കൂളുകളും സാക്ഷരതാ മിഷൻ സെന്ററുകളും സന്ദർശിച്ചു. സാക്ഷരതാ രംഗത്ത് കേരളം നടത്തുന്ന പ്രവർത്തനങ്ങൾ ഛത്തീസ്ഗഡിലും അവലംബിക്കുന്നത് ലക്ഷ്യമിട്ടാണ് സന്ദർശനം.
ഛത്തീസ്ഗഡ് സാക്ഷരതാ മിഷൻ ജില്ലാ പ്രോജക്ട് ഓഫീസർമാരായ യു.കെ. ജയ്സ്വാൾ, രശ്മി സിംഗ്, ഗിരീഷ് ഗുപ്ത, അസിസ്റ്റന്റ് ഡയറക്ടർ ദിനേശ് കുമാർ ടാങ്ക്, കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി അസിസ്റ്റന്റ് ഡയറക്ടർ സന്ദീപ് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.