വെള്ളറട: കാമുകന്റെ കൊലക്കത്തിക്കിരയായ അഷികയ്‌ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്നലെ വൈകിട്ട് അഞ്ചോടെ മൃതദേഹം കാരക്കോണം തെറ്റിയോട് അപ്പുവിലാസത്തിലെത്തിച്ചു. അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിപേരാണ് ഇവിടെ എത്തിയത്. മകളുടെ ചേതനയറ്റശരീരം വീട്ടിലെത്തിയപ്പോൾ അച്ഛൻ അജിത് കുമാറും അമ്മ സീമയും പൊട്ടിക്കരഞ്ഞു. കുടുംബാംഗങ്ങളുടെ അന്ത്യ ചുംബനത്തിനുശേഷം വീടിനു സമീപം തയ്യാറാക്കിയ കല്ലറയിൽ മൃതദേഹം സംസ്‌കരിച്ചു. അനുവിന്റെ മൃതദേഹവും ഇന്നലെ വൈകിട്ടോടെ പോസ്റ്റുമോർട്ടം കഴിഞ്ഞ് ബന്ധുക്കൾക്ക് വിട്ടുനൽകി.