വിതുര: വർഷങ്ങളായി തകർന്നു കിടന്ന തൊളിക്കോട് പഞ്ചായത്തിലെ പേരയത്തുപാറ -ആനപ്പെട്ടി മണലയം റോഡിന് ഒടുവിൽ ശാപമോക്ഷം. റോഡ് ടാറിംഗ് നടത്തുന്നതിനായി ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ അനുവദിച്ചു. പൊൻമുടി-നെടുമങ്ങാട്-വിതുര സംസ്ഥാനപാതയിൽ തോട്ടുമുക്ക് പേരയത്തുപാറയിൽ നിന്നും മണലയം വഴി ആനപ്പെട്ടിയിലേക്കുള്ള റോഡ് തകർന്ന് സഞ്ചാര യോഗ്യമല്ലാതായിട്ട് ഏറെ നാളുകളായിരുന്നു. ആറ് വർഷങ്ങൾക്ക് മുൻപാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് റോഡ് ടാറിംഗ് നടത്തിയത്. ഗട്ടർ നിറഞ്ഞ മണലയം റോഡിലൂടെയുള്ള യാത്ര ഏറെ അപകടം നിറഞ്ഞതാണ്. റോഡ് തകർന്നതോടെ നിരവധി അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ തെറിച്ച് ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. കാൽനടയാത്രപോലും അസാദ്ധ്യമായെന്നാണ് നാട്ടുകാരുടെ പരാതി. വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക്സ്കൂൾ, ആനപ്പെട്ടി ലെന, ചായം ഒാൾസെയിന്റ്സ് പബ്ലിക് സ്കൂൾ, വിതുര ഗവ. ഹൈസ്കൂൾ, യു.പി.എസ് തൊളിക്കോട് ഹൈസ്കൂൾ എന്നിവിടങ്ങിലേക്കായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇൗ റോഡിലൂടെയാണ് കടന്നുപോകുന്നത്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു റോഡ് സന്ദർശിക്കുകയും ഫണ്ട് അനുവദിക്കുകയുമായിരുന്നു. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ നാട്ടുകാർ നേരിടുന്ന യാത്രാ ദുരിതത്തിന് പരിഹാരമാകും.
റോഡിന്റെ മിക്ക ഭാഗത്തും ടാറിംഗ് ഇളകി മൺപാതയായി. ചിലയിടങ്ങളിൽ മെറ്റൽ ഇളകി തെറിച്ച് കിടക്കുകയാണ്.
റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ലാപഞ്ചായത്തിന് നിവേദനം നൽകിയതോടെ ജില്ലാപഞ്ചായത്ത് അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് ആറ് വർഷം മുൻപ് ടാറിംഗ് നടത്തിയത്.
റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി അനവധി തവണ നാട്ടുകാർ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അധികാരികൾക്ക് പരാതിനൽകിയിട്ടും നടപടി സ്വീകരിച്ചിരുന്നില്ല.