തിരുവനന്തപുരം: മധുരയിലേക്കുള്ള യാത്രക്കിടെ സ്റ്റേഷൻ മാറി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലിറങ്ങിയ മുത്തശ്ശിയെ സഹായിച്ച പൊലീസിന് നന്ദി അറിയിച്ച് പേരക്കുട്ടിയുടെ കത്ത്. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഗുരുവായൂർ എക്‌സ്‌പ്രെസ്സിൽ മധുരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യാലിനിയുടെ പിതാവും മുത്തശ്ശിയും. അസുഖബാധിതയായ മുത്തശ്ശിക്ക് ഇടയ്ക്കിടെ ഓർമ്മക്കുറവുണ്ട്. മടക്കയാത്രയിൽ പുലർച്ചെ മൂന്ന് മണിയോടെ മുത്തശ്ശി സ്റ്റേഷൻ മാറി സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. കൂടെയുണ്ടായിരുന്ന യാലിനിയുടെ പിതാവ് രാവിലെ അഞ്ച് മണിയോടെ ഉറക്കമുണർന്നപ്പോഴാണ് അമ്മയെ കാണാനില്ലെന്നറിയുന്നത്. പരിഭ്രാന്തനായ അദ്ദേഹം റെയിൽവേ പൊലീസിൽ വിവരമറിയിച്ചു.

ഇതിനിടെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപമുണ്ടായിരുന്ന ഒരു ആട്ടോ ഡ്രൈവർ വിവരമറിയിച്ചതിനെ തുടർന്ന് തമ്പാനൂർ പൊലീസ് മുത്തശ്ശിയെ സ്റ്റേഷനിൽ കൊണ്ട് പോയി വിവരങ്ങൾ തിരക്കിയെങ്കിലും കാര്യങ്ങൾ വ്യക്തമായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർ ഇവരെ ആശ്വസിപ്പിച്ച് വിവരങ്ങളും മേൽവിലാസവും ചോദിച്ചറിയുകയും ഇവരുടെ പ്രദേശത്തെ ആളഗനല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് പൊലീസുകാർ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. യാലിനിയുടെ പിതാവ് തമ്പാനൂർ സ്റ്റേഷനിലെത്തി മുത്തശ്ശിയെ കൂട്ടിക്കൊണ്ടു പോയി. പൊലീസിന്റെ ആത്മാർത്ഥമായ സഹായത്തിനും ആട്ടോ ഡ്രൈവർക്കും നന്ദി പറയുകയാണ് യാലിനി.