nashikkunna-lakshangal-vi

കല്ലമ്പലം: കരവാരം പഞ്ചായത്തിലെ ഞാറയ്ക്കാട്ടുവിളയിൽ വനിതകൾക്കായി ആരംഭിച്ച വ്യവസായ കേന്ദ്രത്തിന് താഴ് വീണിട്ട് ഒന്നര പതിറ്റാണ്ട്. നെല്ലുകുത്ത്, എണ്ണയാട്ട് എന്നിവ ലക്ഷ്യമിട്ടാണ് പ്രവർത്തനം തുടങ്ങിയത്. അതിനായി ലക്ഷങ്ങൾ വിലപിടിപ്പുള്ള യന്ത്രസാമഗ്രികളാണ് വാങ്ങിയത്. ഇവ കാലപ്പഴക്കം കൊണ്ട് തുരുമ്പെടുത്ത് നശിച്ചു.

ആരംഭത്തിൽ നല്ല നിലയിലാണ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയത്. നെല്ല്, കർഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്നതായിരുന്നു സംരംഭം. യൂണിറ്റിന്റെ പ്രവർത്തനത്തിലൂടെ കുടുംബശ്രീയിലേയും മറ്റും 50 ഓളം പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിച്ചിരുന്നു. ഇതിന്റെ പ്രവർത്തനം കുടുംബശ്രീ യൂണിറ്റിനെ ഏല്പിച്ച് മുന്നോട്ട് പോകാനായിരുന്നു പദ്ധതിയെങ്കിലും മൂലധനത്തിന്റെ കുറവുമൂലം വ്യവസായ കേന്ദ്രത്തിന് പൂട്ടുവീഴുകയായിരുന്നു. തുടർന്ന്‍ പ്രവർത്തനം ജില്ലാ പഞ്ചായത്തിന് കൈമാറാൻ നീക്കമുണ്ടായിരുന്നെങ്കിലും അതും നടപ്പായില്ല. ലക്ഷങ്ങൾ പൊടിച്ചതല്ലാതെ ആർക്കും പ്രയോജനപ്പെട്ടില്ലെന്നതാണ് വസ്തുത . നശിക്കുന്ന ഈ യൂണിറ്റിനെ ഏതെങ്കിലും പദ്ധതിയിലുൾപ്പെടുത്തി വ്യവസായം പുനരാരംഭിച്ച് കർഷകർക്കും വനിതകൾക്കും പ്രയോജനപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച തുക.... 35 ലക്ഷം

വ്യവസായ യൂണിറ്റ്

ലക്ഷ്യം - ദാരിദ്ര്യ നിർമാർജ്ജനവും വനിതാ വികസനവും

 മുതൽ മടക്ക് 30 ലക്ഷം

1999ൽ ശിലാസ്ഥാപനം

2005 ൽ ഉദ്ഘാടനം

പ്രതികരണം

പൊതുവേ തൊഴിൽ ക്ഷാമം രൂക്ഷമായ പഞ്ചായത്തിൽ അടഞ്ഞു കിടക്കുന്ന ഈ വ്യവസായ കേന്ദ്രം തുറന്നു പ്രവർത്തിക്കുന്നതോടെ നിരവധിപേർക്കാണ് ജോലി ലഭിക്കുക. നഷ്ടം കാരണം നെൽകൃഷിയിൽനിന്നും, തെങ്ങ് കൃഷിയിൽ നിന്നും കർഷകർ ഉൾവലിയുന്ന നിലവിലെ സാഹചര്യത്തിൽ കർഷകർക്ക് ഒരു കൈതാങ്ങുകൂടിയാണ് ഈ വ്യവസായ കേന്ദ്രം. ഇത് പ്രവർത്തന സജ്ജമാക്കാൻ അധികൃതരുടെ ഭാഗത്ത്‌ നിന്നും നടപടിയുണ്ടാകണം.

സൈഗാൾ

പൊതുപ്രവർത്തകൻ

തോട്ടയ്ക്കാട്

യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതിയിൽ സുരേന്ദ്രക്കുറുപ്പ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് വ്യവസായ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നത്. യന്ത്രങ്ങൾ പ്രവർത്തിച്ചു നോക്കാതെയും മറ്റുമാണ് തിടുക്കത്തിൽ ഉദ്ഘാടനം നടത്തിയത് . എന്നാൽ പ്രവർത്തനം നടന്നില്ല. മുൻ മെമ്പറും കുടുംബശ്രീ ചെയർ പേഴ്സനുമായ ഷൈലജയുടെ പേരിലാണ് അന്ന് വൈദ്യുതി കണക്ഷൻ എടുത്തത്. പൂട്ടിക്കിടന്ന സ്ഥാപനത്തിന് ഒന്നരലക്ഷത്തോളം വൈദ്യുതി ബിൽ കുടിശിക വരുകയും അദാലത്തിൽ അമ്പതിനായിരമായി കുറച്ചെങ്കിലും

തുക അടയ്ക്കാത്തതിനാൽ റവന്യൂ റിക്കവറി നേരിടുകയാണ് ഷൈലജ. വ്യക്തിയുടെ പേരിലെ ബില്ലായതിനാൽ പഞ്ചായത്തിൽ നിന്നും അടയ്ക്കാനും നിർവാഹമില്ല. ഇതാണ് വ്യവസായ കേന്ദ്രം തുറന്നു പ്രവർത്തിക്കാൻ തടസം . കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും തുക അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ബില്ലിന് പരിഹാരമായാൽ സ്ഥാപനം തുറന്നു പ്രവർത്തിക്കും. അല്ലെങ്കിൽ അനുവദിച്ച തുക ലാപ്സാകും.

കെ. സുഭാഷ്‌

കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്