കല്ലമ്പലം: പള്ളിക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിനു മുകളിലൂടെ അപകടകരമായ രീതിയിൽ 11 കെ.വി ലൈൻ കടന്നുപോയിട്ടും നടപടിയില്ലെന്ന് പരാതി. സ്‌കൂളിലെ പ്രധാന കെട്ടിടത്തിന് മുകളിലൂടെയാണ് ലൈൻ കടന്നുപോകുന്നത്. അടുത്തിടെ കുട്ടികൾ ഫുട്ബാൾ കളിക്കുന്നതിനിടെ ബാൾ ലൈനിൽ തട്ടിയതിനെ തുടർന്ന് തീപ്പൊരി ഉണ്ടായിരുന്നു. കാറ്റിലോ മഴയിലോ ലൈനുകൾ പൊട്ടിവീഴുമോയെന്നാണ് സ്‌കൂൾ അധികൃതരുടെ ആശങ്ക. പ്രധാന കെട്ടിടത്തിനു മുകളിൽ വീഴുന്ന ക്രിക്കറ്റ് ബാളും ഫുട്ബാളും കുട്ടികൾ നീളമുള്ള കമ്പുപയോഗിച്ച് തട്ടിയിടുകയാണ് പതിവ്. അപകടഭീതി കാരണം ഇതിന് സമീപത്ത് കളിക്കുന്നതിന് കുട്ടികൾക്ക് വിലക്കുണ്ട്. സ്‌കൂളിൽ പുതിയ മൂന്നുനില മന്ദിരത്തിന് തുക അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ നിർമ്മാണം തുടങ്ങണമെങ്കിൽ ലൈനുകൾ മാറ്റി സ്ഥാപിക്കണം. ഇതിനായി കെ.എസ്.ഇ.ബി പള്ളിക്കൽ എ.ഇയ്ക്കും വേളമാനൂർ സബ്സ്റ്റേഷനിലും പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പി.ടി.എ പ്രസിഡന്റ് എ. നഹാസ് പറഞ്ഞു.