കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടുനിന്നവനെ പിടികൂടുക എന്ന പൊലീസ് തന്ത്രമാണ് ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ മുഖംമൂടി ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് അധികൃതർ സ്വീകരിച്ചിരിക്കുന്നത്. മാരകായുധങ്ങളുമായി കാമ്പസിൽ അതിക്രമിച്ചുകയറി ആൺപെൺ ഭേദമില്ലാതെ അദ്ധ്യാപകരടക്കം കണ്ണിൽ കണ്ടവരെയെല്ലാം അടിച്ചവശരാക്കിയ ഗുണ്ടാസംഘത്തിൽ പെട്ട ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും ആക്രമണത്തിനിരയായ 19 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ജെ.എൻ.യു. യൂണിയൻ അദ്ധ്യക്ഷ ഐഷി ഘോഷ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. ഐഷി ഘോഷിനും മറ്റ് മുപ്പത്തഞ്ചോളം പേർക്കും ഗുണ്ടാ ആക്രമണത്തിൽ സാരമായി പരിക്കേറ്റതാണ്. തലപൊട്ടി ചോരയൊലിക്കുന്ന ഐഷിയുടെ ചിത്രങ്ങൾ രാജ്യത്തെ സകല മാദ്ധ്യമങ്ങളിലും ഇപ്പോഴും സജീവ ചർച്ചാവിഷയവുമാണ്. ആക്രമണകാരികളെ പിടികൂടാനല്ല ആക്രമണത്തിനിരയായവരെ കേസിൽ കുടുക്കാനുള്ള വ്യഗ്രതയാണ് ഇവിടെ കാണുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ സർക്കാരിന്റെ മൂക്കിനുതാഴെ നടന്ന അതിക്രമ സംഭവത്തിൽ ഇത്തരമൊരു സമീപനം പൊലീസ് സ്വീകരിക്കണമെങ്കിൽ തീർച്ചയായും അതിനു പിന്നിൽ ശക്തമായ ഇടപെടലുകൾ നടന്നിട്ടുണ്ടാവണം. നിയമത്തിനും നീതിക്കും ഒരു വിലയുമില്ലെന്നല്ലേ ഇതിനർത്ഥം? മുഖംമൂടിയണിഞ്ഞ് കാമ്പസിൽ അതിക്രമിച്ചു കയറി വസ്തുവകകൾ അടിച്ചുതകർക്കുകയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും വളഞ്ഞിട്ടുതല്ലി അരിശം തീർക്കുകയും ചെയ്ത ഗുണ്ടാ സംഘത്തെ പിന്തിരിപ്പിക്കാൻ കാമ്പസിലുണ്ടായിരുന്ന പൊലീസുകാർ ഒരു ശ്രമവും നടത്തിയില്ലെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. അതിനൊപ്പമാണ് അക്രമികളെ പിടികൂടാൻ ശ്രമിക്കാതെ അതിക്രമങ്ങൾക്ക് ഇരയാകേണ്ടിവന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ് പകപോക്കൽ രാഷ്ട്രീയം കളിക്കുന്നത്. അങ്ങേയറ്റം അപലപനീയമാണ് ഇത്തരം നടപടികളെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല. ജെ.എൻ.യു സംഭവത്തിൽ നേരത്തെ തന്നെ ഏറെ പ്രതിരോധത്തിലായ അധികൃതരെ കൂടുതൽ താറടിക്കുന്നതാണ് മർദ്ദനമേറ്റ കുട്ടികൾക്കെതിരെ എടുത്ത പൊലീസ് കേസുകൾ.
കാമ്പസിൽ നിയോഗിച്ചിരുന്ന സുരക്ഷാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണത്രെ വിദ്യാർത്ഥികളെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭരണാധികാരികളുടെ ഇംഗിത പ്രകാരം നടക്കുന്ന ഇത്തരം കള്ളക്കേസുകൾ നീതിപീഠത്തിനു മുമ്പിലെത്തുമ്പോൾ നിലനിൽക്കാറില്ലെന്ന് ഏവർക്കുമറിയാം. എന്നിരുന്നാലും താത്കാലികമായ ചില്ലറ പ്രയാസങ്ങൾ സൃഷ്ടിക്കുന്നവയാണ് ഇത്തരം കേസുകൾ. വിദ്യാർത്ഥികളാണ് ജെ.എൻ.യുവിലെ വാതിലും ജനാലകളും ഉപകരണങ്ങളുമൊക്കെ അടിച്ചുതകർത്തതെന്നു കാണിച്ചാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്. കാമ്പസിൽ മുഖംമൂടികൾ അഴിഞ്ഞാടിയത് ഞായറാഴ്ചയാണ്. തൊട്ടുതലേന്ന് വിദ്യാർത്ഥികൾ സംഘം ചേർന്ന് കാമ്പസിൽ അക്രമം അഴിച്ചുവിട്ടതായാണ് സെക്യൂരിറ്റി ജീവനക്കാരുടെ പരാതി. ഇതനുസരിച്ച് കേസെടുക്കാൻ അത്യുത്സാഹം കാണിച്ച പൊലീസിന് രാഷ്ട്രത്തെ നടുക്കിയ ജെ.എൻ.യു ആക്രമണത്തിലുൾപ്പെട്ട മുഖംമൂടി സംഘത്തിലെ ഒരാളെപ്പോലും ഇതേവരെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞിട്ടില്ല.
രാജ്യത്തെത്തന്നെ നാണം കെടുത്തിയ ഈ ആക്രമണത്തിനു പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഹിന്ദു രക്ഷാദൾ എന്നൊരു കൂട്ടർ കഴിഞ്ഞ ദിവസം രംഗത്തുവന്നതും ശ്രദ്ധേയമായി. ഇതിന്റെ നേതാവെന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ട് പിങ്കി ചൗധരി എന്നൊരാളിന്റെ വീഡിയോ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ കാര്യങ്ങളാണ് ജെ.എൻ.യു വിൽ നടക്കുന്നതെന്നും തങ്ങൾ ഇതൊന്നും അനുവദിക്കുകയില്ലെന്നുമാണ് ഹിന്ദു രക്ഷാ ദൾ നേതാവിന്റെ വീഡിയോ ജല്പനം. ജെ.എൻ.യു വിനെ രക്ഷിക്കാൻ കച്ചകെട്ടിയിറങ്ങിയ രക്ഷാദളിന്റെ പിന്നിലുള്ളത് ആരൊക്കെയാണെന്ന് ആർക്കും മനസിലാക്കാവുന്നതേയുള്ളൂ. രാജ്യം ഭരിക്കുന്നവരുടെ താത്പര്യമനുസരിച്ചല്ല ഇത്തരം സംഭവങ്ങളിൽ പൊലീസ് നടപടി ഉണ്ടാകേണ്ടത്. ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും വസ്തുതകൾ അതിന്റെ തനിരൂപത്തിൽ വിലയിരുത്താൻ അവർക്കു കഴിയുമെന്നുമുള്ള കാര്യം ഭരണാധികാരികൾ മറക്കാൻ പാടില്ലാത്തതാണ്.
രണ്ടുമാസത്തിലേറെയായി ജെ.എൻ.യു വിവിധ കാരണങ്ങളാൽ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പ്രധാന പ്രശ്നം ഫീസ് വർദ്ധന തന്നെ. അതിനൊപ്പം അന്തരീക്ഷം കലുഷമാകാൻ വേറെയുമുണ്ട് കാരണങ്ങൾ. വിദ്യാർത്ഥികളുമായി സദാ ഇടഞ്ഞുനിൽക്കുന്ന വൈസ് ചാൻസലറാണ് പ്രശ്നം കൂടുതൽ വഷളാക്കുന്നതെന്നും പരാതിയുണ്ട്. കഴിഞ്ഞ ഞായറാഴ്ചത്തെ ഗുണ്ടാ ആക്രമണത്തിൽ അനവധി കുട്ടികൾക്ക് പരിക്കേറ്റിട്ടുപോലും വി.സി. ഇതുവരെ കാമ്പസിൽ തിരിഞ്ഞുനോക്കിയിട്ടില്ല. ഇത്തരത്തിലൊരു വി.സി തലപ്പത്തിരിക്കുമ്പോൾ കാമ്പസിൽ എങ്ങനെ സമാധാനം പുലരും? വിദ്യാർത്ഥികൾ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി സമാധാനാന്തരീക്ഷം തിരിയെ കൊണ്ടുവരാൻ എല്ലാവർക്കും ബാദ്ധ്യതയുണ്ട്. അതിനു പകരം കൂടുതൽ പ്രകോപനപരമായ നടപടികൾക്കു മുതിരുന്നതു വളരെ തെറ്റായ സന്ദേശമാണ് നൽകുന്നത്. ഉത്തരവാദപ്പെട്ടവർ വിവേകപൂർവം പ്രശ്നത്തിൽ ഇടപെടുകയും കാമ്പസിൽ സമാധാനം തിരിച്ചുകൊണ്ടുവരികയും വേണം. ജെ.എൻ.യു പ്രശ്നത്തിൽ പുലർത്തുന്ന പക്ഷപാതപരമായ സമീപനം കേന്ദ്ര സർക്കാരിന് വലിയ തോതിൽ ദുഷ്കീർത്തിയാണു സമ്മാനിച്ചതെന്നു തിരിച്ചറിയാനുള്ള സാമാന്യബുദ്ധിയെങ്കിലും കാണിക്കണം. അക്രമികളെ മുഖംമൂടിയിട്ട് ഇറക്കാനാവും. പക്ഷേ നിയമ നടത്തിപ്പിലും അതേമാർഗം സ്വീകരിക്കുന്നത് പരിഹാസ്യമാണ്.