തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ആഭ്യന്തര മന്ത്രിയായിരിക്കേ ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയാക്കിയത് താൻ ജീവിതത്തിൽ ചെയ്ത മഹാ അപരാധമായിപ്പോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇന്നലെ വാർത്താസമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് ചെന്നിത്തലയുടെ പശ്ചാത്താപം. അന്ന് മഹേഷ് കുമാർ സിംഗ്ലയാണ് ഡി.ജി.പി ആകേണ്ടിയിരുന്നതെങ്കിലും ഒരു മലയാളിയാകട്ടെയെന്ന് കരുതി സെൻകുമാറിനെ നിയമിച്ചതായിരുന്നു. ചക്കയല്ലേല്ലാ തുരന്നുനോക്കാൻ. അതിന്റെ ദുരന്തം നമ്മൾ അനുഭവിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഇത് നേരത്തേ ബോദ്ധ്യപ്പെട്ടുവെന്ന് കരുതുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ, അത് എങ്ങനെ വേണമെങ്കിലും നിങ്ങൾക്ക് വിലയിരുത്താമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.