മലയിൻകീഴ്: മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ജീവനക്കാരുടെ അപര്യാപ്തത കാരണം ബുദ്ധിമുട്ടുന്നത് ഇവിടെയെത്തുന്ന രോഗികളാണ്. മണിക്കൂറുകളോളം ക്യൂവിൽ നിൽക്കണം. രാവിലെ കാഷ്യാലിറ്റിയിൽ വന്നാൽ ഡോക്ടറെ കാണണമെങ്കിൽ വൈകിട്ടാകും. കഴിഞ്ഞ ഞായറാഴ്ച രാവിലെ 10ന് ആശുപത്രിയിൽ എത്തിയ യുവതിക്ക് വൈകിട്ട് 6 കഴിഞ്ഞിട്ടും ഡോക്ടറെ കാണാൻ കഴിഞ്ഞില്ല. ആകെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത് ഒരു ഡോക്ടർ മാത്രമാണ്. മലയിൻകീഴ് സി.എച്ച്.സി താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് രണ്ട് വർഷം കഴിഞ്ഞു. എന്നാൽ ഇപ്പോഴും നേമം ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. താലൂക്ക് ആശുപത്രിക്ക് വേണ്ട സൗകര്യങ്ങളൊരുക്കാൻ ബ്ലോക്ക് പഞ്ചായത്തിനാകുന്നില്ലെന്നതാണ് വാസ്തവം. ആശുപത്രി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കണമെന്ന് രേഖാമൂലം ബ്ലോക്ക് പഞ്ചായത്ത് കത്ത് നൽകിയിട്ടും ഇതുവരെ നടപടികളൊന്നുമായില്ല. പുതിയ ഹെൽത്ത് ഇൻസ്പെക്ടറെ നിയമിച്ചത് അടുത്തിടെയാണ്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ ഒഴിവ് ഇതുവരെ നികത്താനായിട്ടില്ല. മലയിൻകീഴ് ആശുപത്രിയിൽ 800 പേർ വരെ ചികിത്സ തേടിയെത്തുന്നുണ്ട്. ആശുപത്രികളിൽ ജീവനക്കാരെ നിയമിക്കാത്തത് സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ജീവനക്കാരെ അടിയന്തരമായി നിയമിച്ച് രോഗികളുടെ ദുരിതത്തിന് പരിഹാരം കാണണം.
നിലവിൽ 5 ഡോക്ടർമാരുടെ സേവനം എല്ലാദിവസവും ഉണ്ടാകേണ്ടതാണ്. എന്നാൽ ഫീൽഡ് ഡ്യൂട്ടി, വാർഡ് ഡ്യൂട്ടി, ഓഫ് എന്നീ കാരണങ്ങൾ പറഞ്ഞ് പലപ്പോഴും ഒരു ഡോക്ടർമാത്രമാണ് ഇവിടെ കാണുക. ദിവസവും ചികിത്സതേടി എത്തുന്നവർക്ക് ചികിത്സ നൽകാൻ വൈകുന്നതായും പരാതിയുണ്ട്. രാവിലെ മുതൽ വൈകിട്ടു വരെ കാത്തിരുന്നാലേ ഡോക്ടറെ കാണാൻ കഴിയൂ.
ഇവിടെയെത്തുന്ന രോഗികളെ വലയ്ക്കുന്നത് ഇവിടത്തെ ഇ.സി.ജി ഉൾപ്പെടെയുള്ള ഉപകരണങ്ങളാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നെഞ്ച് വേദനയുമായി ഇവിടെയെത്തുന്ന പല രോഗികൾക്കും ഇ.സി.ജിയിൽ എടുത്ത ശേഷം വേരിയേഷൻ ഉണ്ടെന്ന് കാണിച്ച് മെഡിക്കൽ കോളേജിലേക്കും ജനറൽ ആശുപത്രിയിലേക്കും റഫർ ചെയ്യാറുണ്ട്. എന്നാൽ ആവിടെയെത്തുമ്പോൾ ഇ.സി.ജിയിൽ വലിയ മാറ്റമൊന്നുമില്ലെന്ന് കാണിച്ച് തിരിച്ചയയ്ക്കാറുണ്ടെന്നും രോഗികൾ പറയുന്നു.
പാലിയേറ്റീവ് ജോലി ചെയ്യുന്നവരാണ് പലപ്പോഴും ഫാർമസിസ്റ്റിന്റെയും പണിയെടുക്കുന്നത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കിടപ്പ് രോഗികളെ സന്ദർശിച്ച് ചികിത്സ നൽകേണ്ടവർ പലപ്പോഴും ആശുപത്രിയിലും ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു. സ്ഥിരമായി ആശുപത്രി സൂപ്രണ്ട് ഉണ്ടാകാറില്ല. ചുമതല ഏൽക്കുന്നവർ മാസങ്ങൾക്കുള്ളിൽ മാറിപോകുന്നത് ആശുപത്രിയുടെ ദൈനം ദിന കാര്യങ്ങളിൽ തടസമുണ്ടാകാറുണ്ട്. മെഡിക്കൽ ഓഫീസർക്ക് സൂപ്രണ്ടിന്റെ ചുമതല നൽകുന്നത്. സൂപ്രണ്ടിന്റെ ചുമതല നിർവഹിക്കുമ്പോൾ രോഗികളെ ചികിത്സിക്കാൻ കഴിയാറില്ല.