കാട്ടാക്കട: തെക്കൻ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർ ഡാം വീണ്ടും ചീങ്കണ്ണിപേടിയിൽ. ഒരിടവേളയ്ക്കുശേഷം നെയ്യാർ ഡാമിലെ റിസർവ്വോയർ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നുതവണയാണ് ജലപ്പരപ്പിൽ പ്രദേശവാസികൾ ചീങ്കണ്ണിയെ കണ്ടത്. നെയ്യാർഡാം,മരക്കുന്നം, ബോട്ടുക്ലബ്ബ് എന്നിവയ്ക്കടുത്താണ് ചീങ്കണ്ണിയെ കണ്ടെതെന്ന് പ്രദേശവാസികൾ പറയുന്നു. ജല സംഭരണിയിലൂടെ നീന്തിപോയ ചീങ്കണ്ണികൾ സംഭരണിതീരത്തെ കുറ്റികാടുകളിൽ തമ്പടിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് നെയ്യാറിലെ വനം വന്യജീവി സങ്കേത കേന്ദ്രത്തിനു സമീപത്തെ കടവിൽ ചീങ്കണ്ണിയെ കണ്ടത്.
നെയ്യാർ ജല സംഭരണിയിൽ നിക്ഷേപിക്കപ്പെട്ട ചീങ്കണ്ണികൾ ആളുകളെ ആക്രമിക്കാൻ തുടങ്ങിയതോടെ പ്രദേശവാസിൾ ഭീഷണിയിലായി. കുളിക്കാനിറങ്ങിയ നിരവധി പേരെ ആക്രമിച്ചതോടെ അപകടകാരികളായ ചീങ്കണ്ണികളെ വനം വകുപ്പ് പിടികൂടിയിരുന്നു. വകുപ്പ് അയഞ്ഞതോടെ പലയിടത്തുനിന്നും ചീങ്കണ്ണികളെ വേട്ടയാടാൻ തുടങ്ങി. തുടർന്നാണ് നെയ്യാറിൽ ചീങ്കണ്ണികളുടെ ശല്യം കുറയുകയും ചെയ്തു.
നവംബർ മുതൽ ജനുവരിവരെയുള്ള മാസങ്ങളിൽ ചീങ്കണ്ണികളുടെ പ്രജനനകാലമായതോടെയാണ് നെയ്യാറിൽ വീണ്ടും ചീങ്കണ്ണിയെ കണ്ടത്.
നെയ്യാറിലെ ചീങ്കണ്ണികളുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് അംഗവൈകല്യം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടുത്തെ ചീങ്കണ്ണികളുടെ ആക്രമണത്തിന്റെ ആദ്യ ഇര
കൈ നഷ്ടപ്പെട്ട കൃഷ്ണമ്മ മാസങ്ങൾക്കു മുൻപാണ് മരിച്ചത്. ഇതേത്തുർന്ന് വർഷങ്ങൾക്ക് മുൻപേ തന്നെ ചീങ്കണ്ണികളുടെ പ്രജനനകാലത്ത് പ്രകോപനം ഉണ്ടാകാൻ സാദ്ധ്യതയുള്ളതായും സംഭരണിയിലിറങ്ങുന്നവർ സൂക്ഷിക്കണമെന്നും വനംവകുപ്പ് സംഭരണീ തീരത്ത് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇതുകൊണ്ട് മാത്രം ജനങ്ങളുടെ സുരക്ഷ ഒരുക്കാൻ കഴിയില്ലെന്നതാണ് വസ്തുത.
ഫോട്ടോ.............വനം വകുപ്പ് നെയ്യാർ ഡാം റിസർവ്വോയറിൽ ജനവാസ മേഖലയിൽ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡ്