തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് തിയതി പോലും പ്രഖ്യാപിക്കാതിരിക്കെ, കുട്ടനാട് സീറ്റിന്റെ പേരിൽ അനാവശ്യചർച്ചകളാണ് നടക്കുന്നതെന്നും, ഇതിന്റെ പേരിലുള്ള പരസ്യ പ്രസ്താവനകളിൽ നിന്ന് കോൺഗ്രസ് നേതാക്കളുൾപ്പെടെ ഒഴിഞ്ഞുനിൽക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. സീറ്റിനെപ്പറ്റി ഒരു ചർച്ചയും മുന്നണിയിൽ നടന്നിട്ടില്ല. അതിന്റെ പേരിൽ ഒരു തർക്കവും അനുവദിക്കില്ല. യു.ഡി.എഫിൽ കേരള കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റാണത്. ഉപതിരഞ്ഞെടുപ്പിൽ എന്തുവേണമെന്നത് അപ്പോൾ ആലോചിച്ച് തീരുമാനിക്കും.
കെ.പി.സി.സി പുന:സംഘടന ഉടൻ പൂർത്തീകരിച്ച് കോൺഗ്രസിന്റെ പ്രവർത്തനം കൂടുതൽ സജീവമാക്കും.
പൗരത്വ ഭേദഗതി നിയമത്തിൽ ഗവർണറുടെ നിലപാട് പ്രതിഷേധാർഹമാണ്. അദ്ദേഹം നിയമസഭയുടെ അധികാരാവകാശങ്ങളെയാണ് ചോദ്യം ചെയ്യുന്നത്. ഇത് നിയമസഭയോടുള്ള അവഹേളനമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതും പ്രതിഷേധാർഹമാണ്. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കണം.പൗരത്വ ഭേദഗതി നിയമത്തിനെതിരെ 18ന് കോഴിക്കോട് സംഘടിപ്പിക്കുന്ന യു.ഡി.എഫ് റാലിയിൽ കപിൽ സിബൽ സംബന്ധിക്കും. 30നുള്ള യു.ഡി.എഫിന്റെ മനുഷ്യ ഭൂപടനിർമാണത്തിന് മുന്നോടിയായി ഭരണഘടനാ സംരക്ഷണ സമിതി രൂപീകരണം ഉൾപ്പെടെ പ്രചരണ പരിപാടികൾ സംഘടിപ്പിക്കും.
2015ലെ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ തദ്ദേശഭരണ തിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നീക്കം അംഗീകരിക്കാനാവില്ല. തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാവണം .
തിരഞ്ഞെടുപ്പ് നടത്താൻ ഹൈക്കോടതി വിധിച്ചതിന് പിന്നാലെ, മലപ്പുറം ജില്ല സഹകരണ ബാങ്കിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ ഓർഡിനൻസ് കൊണ്ടുവരാനുള്ള സർക്കാർ തീരുമാനം കോടതിയലക്ഷ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണ്ണർക്ക് കത്ത് നൽകുമെന്നും ചെന്നിത്തല പറഞ്ഞു.