ആറ്റിങ്ങൽ: വനിതകളും വിദ്യാർത്ഥികളും കൂടുതൽ യാത്രക്കാരായുള്ള മണമ്പൂരിൽ യാത്രാക്ലേശം രൂക്ഷം. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും ഈ റൂട്ടിൽ ഓടുന്നുണ്ടെങ്കിലും അവശ്യ സമയങ്ങളിൽ ബസില്ലെന്നതാണ് അവസ്ഥ. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾക്കും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾക്കും രാവിലേയും വൈകിട്ടും കിലേമീറ്റർ നടക്കേണ്ട അവസ്ഥയാണ്.
ആറ്റിങ്ങൽ, മണമ്പൂര്, നെല്ലിക്കോട്, വർക്കല റൂട്ടിൽ ഓടുന്ന കെ.എസ്.ആർ.ടി.സി ബസ് ഉച്ചയ്ക്കു ശേഷമുള്ള റൂട്ട് കട്ടു ചെയ്തതാണ് ഒരു പ്രശ്നം . ഈ ബസ് രാവിലെ വൈകിയാണ് ഇപ്പോൾ വർക്കലയ്ക്ക് പോകുന്നത്. അതുകൊണ്ട് വിദ്യാർത്ഥികൾക്കും ജോലിക്ക് പോകുന്നവർക്കും ഇത് ഉപയോഗപ്രദമാകുന്നില്ല. മുൻപ് ഈ ബസ് മെഡിക്കൽ കോളേജിലേക്കും സർവീസ് നടത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് അകമാണ് ഇത് മണമ്പൂരിൽ എത്തിയിരുന്നത്. ഈ പ്രദേശത്തുള്ളവർക്ക് മെഡിക്കൽ കോളേജിൽ വൈകിട്ട് പ്രവേശനം അനുവദിക്കുന്ന സമയത്ത് കൃത്യമായി എത്താൻ കഴിയുന്ന തരത്തിലായിരുന്നു ഈ ട്രിപ്പ്. എന്നാൽ ഈ ട്രിപ്പ് ഒരു വർഷത്തോളമായി നിറുത്തിയിരിക്കുകയാണ്. ഇത് വർക്കലയിൽ നിന്നും ഇപ്പോൾ വൈകിട്ടാണ് തിരിച്ച് ഓടുന്നത്. സാധാരണക്കാർക്ക് ഏറെ ഗുണകരമായിരുന്നതും നല്ല കളക്ഷൻ ഉള്ളതുമായ റൂട്ടാണ് കെ.എസ്.ആർ.ടി.സി കട്ടു ചെയ്തിരിക്കുന്നത്.