വെള്ളറട: വെള്ളറട ഗ്രാമപഞ്ചായത്തിലെ കായിക പ്രേമികൾക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആറാട്ടുകുഴിയിൽ സ്റ്റേഡിയം നിർമ്മിക്കാനായി വാങ്ങിയ സ്ഥലം കാടുകയറി നശിക്കുന്നതാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. സ്റ്റേഡിയം നിർമ്മാണത്തിനായി ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടും സ്റ്റേഡിയത്തിന്റെ നിർമ്മാണം എങ്ങുമെത്തിയിട്ടില്ല. ഗ്രാമപഞ്ചായത്ത് അരക്കോടിയിലേറെ രൂപ ചെലവവിച്ചാണ് സ്റ്റേഡിയത്തിനായി പന്നിമല വാർഡൽ ഒരേക്കർ സ്ഥലം വാങ്ങിയത്. ഏറെ നാളത്തെ സ്വപ്നമായ സ്റ്റേഡിയം കാത്തിരുന്ന ഇവിടുത്തെ കായിക പ്രേമികൾക്ക് നിരാശമാത്രമാണ് ബാക്കി. ഒരു കാലത്ത് വെള്ളറട കേന്ദ്രീകരിച്ച് നിരവധി ടൂർണ്ണമെന്റുകൾ സംഘടിപ്പിച്ചിരുന്നു. അത് ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. എന്നാൽ ബഡ്ജറ്റിൽ ഉൾകൊള്ളിച്ച 35ലക്ഷവും ഇപ്പോൾ ഉൾപ്പെടുത്തിയ 28 ലക്ഷവും കൊണ്ട് സ്റ്റേഡിയത്തിന്റെ നിർമ്മാണം ഒരു വിധം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
സ്റ്റേഡിയം നിർമ്മിക്കാനായി വാങ്ങിയ സ്ഥലത്ത് വാഹനം കയറാനുള്ള സൗകര്യം ഇല്ലത്തത് ആദ്യം വെല്ലുവിളിയായി. എന്നാൽ സ്റ്റേഡിയത്തിലേക്കുള്ള റോഡ് നിർമ്മിക്കാൻ തുടങ്ങി. ഇതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. നിർമ്മാണത്തിനെതിരെ പല ഭാഗത്തുനിന്നും പരാതി ഉയർന്നതോടെ റോഡ് നിർമ്മാണം മുടങ്ങി. വാഹനം കയറാൻപോലും കഴിയാത്ത സ്ഥലത്ത് എങ്ങനെ സ്റ്റേഡിയം നിർമ്മിക്കുമെന്നാണ് ഇപ്പോഴത്തെ വെല്ലുവിളി.
നിരവധി കായിക പ്രേമികളുള്ള വെള്ളറടയിൽ സ്റ്റേഡിയം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായതോടെ ഗ്രാമപഞ്ചായത്ത് 28 ലക്ഷം രൂപ കൂടി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചു. ഗ്രാമപഞ്ചായത്തിന്റെ കേരളോത്സവം പോലും മറ്റുള്ള സ്ഥലങ്ങളിൽ വച്ചാണ് നടത്തുന്നത്. നിരവധി കലാ സാംസ്കാരിക സംഘടനകൾ ഉള്ള ഗ്രാമപഞ്ചായത്തിൽ കളിസ്ഥലമില്ലാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എന്നാൽ വിവിധ കായിക മത്സരങ്ങളിൽ വെള്ളറട പ്രദേശത്ത് നിന്നുള്ള കായിക പ്രേമികൾ ഏറെ മുന്നിൽ എത്തുന്നുവെങ്കിലും ഇവർക്ക് ആവശ്യമായ പരിശീലനം നൽകാൻ കളിസ്ഥലം ഇല്ലെന്നതും പരാതികൾക്ക് വഴിവയ്ക്കുന്നുണ്ട്.