പൂവാർ: പുല്ലുവിള വലിയപള്ളി ജംഗ്‌ഷനിലെ ആട്ടോ സ്റ്റാൻഡ് മാറ്റിയതിൽ പ്രതിഷേധിച്ച് പുല്ലുവിള ഇടവക കാര്യാലയം ആട്ടോ ഡ്രൈവർമാരും കുടുംബാംഗങ്ങളും ഇന്നലെ ഉപരോധിച്ചു. യോഗത്തിനെത്തിയ ഫാ. ഗോമസ്, സഹവികാരി ടോമി, ചർച്ച് സെക്രട്ടറി ജോസഫ് എന്നിവരാണ് കാര്യാലയത്തിലുണ്ടായിരുന്നത്. കുറച്ചുമാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ ശല്യംചെയ്‌ത സംഭവത്തിൽ ഇവിടെ നിന്നും ഒരു ആട്ടോ ഡ്രൈവറെ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു. ഇയാൾക്കെതിരെ പോക്സോ ചുമത്തി കേസെടുക്കുകയും ചെയ്‌തു. ഈ സംഭവത്തിനുശേഷം ആട്ടോസ്റ്റാൻഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇടവക ഭാരവാഹികളുടെ നേതൃത്വത്തിൽ കളക്ടർ അടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. ഇടവകയുടെ പരാതിയിൽ സ്റ്റാൻഡ് മാറ്റണമെന്ന് കോടതി ഉത്തരവ് വന്നതോടെയാണ് ഡ്രൈവർമാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഡ്രൈവർമാരും ഇടവകയും തമ്മിൽ കുറച്ചുദിവസമായി തർക്കമുണ്ടായിരുന്നു. വിലക്ക് ലംഘിച്ച് ആട്ടോ പാർക്ക് ചെയ്‌ത ഗിൽബർട്ട്, റൈമണ്ട് എന്നിവരെ കാഞ്ഞിരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നെയ്യാറ്റിൻകര ആർ.ടി.ഒയും കരുംകുളം ഗ്രാമപഞ്ചായത്തും അംഗീകരിച്ച ആട്ടോ സ്റ്റാൻഡിനെ ചിലരുടെ വ്യക്തിതാത്പര്യങ്ങൾക്കു വേണ്ടി മാത്രമാണ് ഇടവക എതിർക്കുന്നതെന്നും ഡ്രൈവർമാർ പറയുന്നു. ഞായറാഴ്ച തീരുമാനം ഉണ്ടാകുമെന്ന് അറിയിച്ചതിനെ തുടർന്ന് സമരം ആട്ടോ ഡ്രൈവർമാർ ഉപരോധം അവസാനിപ്പിച്ചു.