നെടുമങ്ങാട് : ജിയോളജി അധികൃതരുടെ കണ്ണുവെട്ടിച്ച് ക്വാറി ഉത്പന്നങ്ങൾ കടത്തുന്നവരെ കുടുക്കാൻ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ റവന്യു ഉദ്യോഗസ്ഥർ രംഗത്ത്. പാറയും അനുബന്ധ ഉത്പന്നങ്ങളും പാസില്ലാതെ കടത്തിയ 38 ലോറികൾ പിടിച്ചെടുത്ത് പിഴ ഈടാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിൽ നിന്ന് പിഴ ഇനത്തിൽ പൊതുഖജനാവിൽ അടച്ചത് ഏഴു ലക്ഷത്തിലധികം രൂപ. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പാറമടകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ സർക്കാർ നിർദേശത്തെ തുടർന്ന് ജിയോളജി, റവന്യു വകുപ്പുകൾ ചേർന്ന് ആവിഷ്കരിച്ച ഓപ്പറേഷനാണ് വിജയം കണ്ടത്. അനുവദിച്ചതിലും കൂടുതൽ പാറ ഓരോ ക്വാറികളിലും പൊട്ടിച്ച് കടത്തുന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവർ പേരിനു പോലുമില്ലാത്ത സ്ഥിതിയാണ്. ഓൺലൈൻ മുഖേന രണ്ടോ മൂന്നോ ലോഡുകൾക്ക് 1,800 രൂപ ക്രമത്തിൽ ലോഡ് ഒന്നിന് പാസ് എടുത്ത ശേഷം, ഒരേ പാസ് ഉപയോഗിച്ച് നൂറുകണക്കിന് ലോഡ് പാറ കടത്തുന്നതായാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥർ ഇത് മണത്തറിഞ്ഞതോടെ ക്വാറി നടത്തിപ്പുകാർ പാസ് എടുക്കാതെയായി. അനുവദിച്ചതിലും കൂടുതൽ പാറ കടത്തൽ പിടിക്കപ്പെടാതിരിക്കാനാണ് പാസെടുക്കാത്തത്.
താലൂക്കിലെ ഏറ്റവും വലിയ ക്വാറികളിൽ ഒന്ന്, ഒരു വർഷത്തേക്ക് ജിയോളജിയിൽ 28 ലക്ഷം രൂപ ഒന്നിച്ച് അടച്ച് പാസ് എടുത്തതായി രേഖകളിലുണ്ട്. ഈ വലിയ ക്വാറിയിൽ നിന്ന് പ്രതിദിനം ശരാശരി പുറത്ത് പോകുന്നത് 3,50 ലോഡ് പാറ !. 20 ലോഡാണ് അനുവദിച്ചിട്ടുള്ളത്. മറ്റു പല ക്വാറികളും മുൻകൂർ പാസ് എടുക്കാറില്ല. ഡ്രൈവർമാർ നിർബന്ധിച്ച് ആവശ്യപ്പെട്ടാലും ക്വാറി നടത്തിപ്പുകാർ പാസ് നൽകാൻ കൂട്ടാക്കാറില്ല. പിടിയിലായ ടിപ്പർ ഡ്രൈവർമാരിൽ നിന്ന് 25,000 രൂപ നിരക്കിലാണ് പിഴ ഈടാക്കിയിട്ടുള്ളത്. ചെറിയ വാഹനങ്ങളിൽ നിന്ന് 10,800 രൂപ ക്രമത്തിലും. അനധികൃതമായി പാറഖനനം നടത്തുന്ന ക്വാറി നടത്തിപ്പുകാരെ കരിമ്പട്ടികയിൽ പെടുത്താനാണ് റവന്യു വിഭാഗത്തിന്റെ തീരുമാനം.