തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ 9-ാമത് സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തോടനുബന്ധിച്ച്, മൺമറഞ്ഞ സാംസ്‌കാരിക നായകരെ അനുസ്മരിച്ചുകൊണ്ടുള്ള സ്മൃതി യാത്രാ സംഗമം ഇന്ന് ജില്ലയിലെ 10കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച് വൈകിട്ട് 6ന് യൂണിവേഴ്സിറ്റി കോളേജിൽ സംഗമിക്കും. ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി, അയ്യങ്കാളിയുടെ ജന്മദേശം വെങ്ങാനൂർ, ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂല, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ അനുസ്മരിച്ചുകൊണ്ട് നെയ്യാറ്റിൻകര, കമലാസുരയ്യയെ കബറടക്കിയ പാളയം ജുമാമസ്ജിദ് പരിസരം, തോന്നയ്ക്കൽ ആശാൻ സ്മാരകം, അബ്ദുൽ ഖാദർ മൗലവിയെ അനുസ്മരിച്ചു വക്കം, മുൻ എം.പി വർക്കല രാധാകൃഷ്ണനെ അനുസ്മരിച്ചു വർക്കല, വഴുതക്കാട് ആനിമസ്‌ക്രീൻ സ്‌ക്വയർ, കവടിയാറിലെ വിവേകാനന്ദ പ്രതിമ എന്നിവിടങ്ങളിൽ നിന്നാണ് സ്മൃതിയാത്ര പുറപ്പെടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു പതാക ഉയർത്തും. കഴിഞ്ഞ തവണ കലാകിരീടം നേടിയ മലപ്പുറം ജില്ലയിൽ നിന്ന് സ്വർണക്കപ്പ് പൊതു വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി എ.ഷാജഹാൻ ഏറ്റുവാങ്ങും.
10 മുതൽ 12 വരെ യൂണിവേഴ്സിറ്റി കോളേജിലാണ് കലോത്സവം. 10 ന് വൈകിട്ട് 5ന് പെരുമ്പടവം ശ്രീധരൻ, പുന്നല ശ്രീകുമാർ, ഡോ.ടി.എൻ.സീമ, ഏഴാച്ചേരി രാമചന്ദ്രൻ, സൂര്യാകൃഷ്ണമൂർത്തി, ചിന്ത ജെറോം, പി.ശ്രീകുമാർ, സുജ സൂസൻജോർജ് എന്നിവർ കലോത്സവം ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷനായിരിക്കും. മേയർ കെ. ശ്രീകുമാർ മുഖ്യാതിഥിയാകും. തുടർന്ന് കലാമത്സരങ്ങൾ അരങ്ങേറും.
യൂണിവേഴ്സിറ്റി കോളേജിലെ അഞ്ച്‌ വേദികളിലായാണ് മത്സരം. ഏഴു വിഭാഗങ്ങളിൽ മൊത്തം 153 ഇനങ്ങളിലായി 1400പേർ മാറ്റുരയ്ക്കും. 'ട്രാൻസ്‌ജെൻഡേഴ്സിനും ഇതര സംസ്ഥാന തൊഴിലാളികൾക്കും പ്രത്യേക വിഭാഗമായി മത്സരിക്കാൻ അവസരമൊരുക്കുന്നുണ്ട്. 10 വർഷത്തിനു ശേഷമാണ് സാക്ഷരതാമിഷന്റെ സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവം തിരുവനന്തപുരത്ത് നടക്കുന്നത്.