തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ നടത്തിയ ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം. കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ, ആട്ടോ, ടാക്‌സി എന്നിവ നിരത്തിലിറങ്ങാതിരുന്നതോടെ ജനങ്ങൾ വലഞ്ഞു. കടകമ്പോളങ്ങളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ബാങ്കുകളും സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചില്ല. ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് പമ്പയിലേക്കുള്ള സർവീസുകൾ മാത്രമാണ് നടത്തിയത്. ആശുപത്രികൾ പ്രവർത്തിച്ചെങ്കിലും ഒ.പിയിലടക്കം തിരക്കില്ലായിരുന്നു. പണിമുടക്കിനോടനുബന്ധിച്ച് രാവിലെ മുതൽ വൈകിട്ട് ആറുവരെ ജില്ലയിലെ 14 കേന്ദ്രങ്ങളിൽ തൊഴിലാളികൾ കൂട്ടസത്യാഗ്രഹം നടത്തി. രാവിലെ 10ഓടെ സർവകലാശാലയ്‌ക്ക് മുന്നിൽ നിന്ന് ആരംഭിച്ച ട്രേഡ് യൂണിയനുകളുടെ സംയുക്ത മാർച്ച് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. ആർ. ചന്ദ്രശേഖരൻ, വി.ആർ. പ്രതാപൻ, വി. ശിവൻകുട്ടി, കെ.പി. രാജന്ദ്രൻ, മീനാങ്കൽ കുമാർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. വർക്കല, ആറ്റിങ്ങൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, ആര്യനാട്, മംഗലപുരം, കഴക്കൂട്ടം, കോവളം, നെയ്യാറ്റിൻകര, പാറശാല, വെള്ളറട, കാട്ടാക്കട, മലയിൻകീഴ് എന്നീ സമരകേന്ദ്രങ്ങൾക്ക് പുറമേ തലസ്ഥാന നഗരത്തിൽ സ്റ്റാച്യുവിലും പ്രതിഷേധ യോഗങ്ങൾ നടന്നു. വൈകിട്ട് 6ന് രക്തസാക്ഷി മണ്ഡപത്തിൽ പന്തംകൊളുത്തി പ്രകടനം നടന്നു.
ജനം വലഞ്ഞു
കെ.എസ്.ആർ.ടി.സി, സ്വകാര്യബസുകൾ, ആട്ടോ, ടാക്‌സി എന്നിവ സർവീസ് നടത്താത്തതിനെ തുടർന്ന് അത്യാവശ്യ യാത്രകൾക്കിറങ്ങിയവർ വലഞ്ഞു. നഗരത്തിൽ നിന്ന് 44 കിലോമീറ്റർ അകലെയുള്ള നഗരൂർ രാജധാനി എൻജിനിയറിംഗ് കോളേജായിരുന്നു ജെ.ഇ.ഇ മെയിൻ എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയുടെ ജില്ലയിലെ സെന്റർ. ഇവിടേക്ക് പോകാനെത്തിയവരും പണിമുടക്കിൽ വലഞ്ഞു. ചെറിയ യാത്രകൾക്ക് പോലും അഞ്ചും ആറും ഇരട്ടി ചാർജാണ് ആട്ടോ ഡ്രൈവർമാർ വാങ്ങിയത്. അനധികൃത ബൈക്ക് ടാക്‌സികളും രംഗത്തുണ്ടായിരുന്നു. തിരക്ക് പതിവായ ദേശീയപാതയും എം.സി റോഡും വിജനമായിരുന്നു. ഇരുചക്ര വാഹനങ്ങളും സ്വകാര്യ കാറുകളും മാത്രമാണ് നിരത്തിലുണ്ടായത്. ഉച്ചയ്‌ക്ക് ശേഷമാണ് കൂടുതൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയത്. കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്താതിരുന്നത് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയവരെ വലച്ചു. മെഡിക്കൽ കോളേജിലേക്കും ആർ.സി.സിയിലേക്കും പോകാനെത്തിയവരാണ് ഏറെ കഷ്ടപ്പെട്ടത്. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയവർക്കായി പൊലീസ് വാഹനങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബൈക്കുകളിലും ഒഴിഞ്ഞുപോകുന്ന സ്വകാര്യ വാഹനങ്ങളിലും പൊലീസും സന്നദ്ധ പ്രവർത്തകരും യാത്രക്കാരെ കയറ്റിവിട്ടു. ചില സന്നദ്ധ സംഘടനകൾ മെഡിക്കൽ കോളേജിലേക്ക് ഉൾപ്പെടെ യാത്രാസൗകര്യം ഏർപ്പെടുത്തിയത് ജനങ്ങൾക്ക് ആശ്വാസമായി. ചാലയിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. പൂക്കടകൾ മാത്രമാണ് പ്രവർത്തിച്ചത്. സർക്കാർ ഓഫീസുകളും ബാങ്കുകളും പ്രവർത്തിച്ചില്ല. ബി.ജെ.പി അനുകൂല ജീവനക്കാർ മാത്രമാണ് ജോലിക്ക് ഹാജരായത്.