തിരുവനന്തപുരം: വ്യവസായ നിക്ഷേപക സംഗമത്തിന് ഇന്ന് കൊച്ചിയിൽ തുടക്കം കുറിക്കാനിരിക്കെ, കഴിഞ്ഞ വർഷം സംസ്ഥാന ബഡ്ജറ്റിൽ മുഖ്യ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി നീക്കിവച്ച തുകയിൽ മുക്കാൽപങ്കും ചെലവഴിക്കാതെ സംസ്ഥാനസർക്കാർ.
15 സുപ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി കഴിഞ്ഞ വാർഷികപദ്ധതിയിൽ സർക്കാർ വകയിരുത്തിയത് 1643.3കോടി രൂപയാണ്. ഇതിലാകട്ടെ കൊച്ചി മെട്രോ റെയിൽ പദ്ധതിക്ക് 66.13കോടിയും കണ്ണൂർ എയർപോർട്ടിന് 4.82കോടിയും മാത്രമാണ് ചെലവഴിച്ചത്. മൊത്തം വകയിരുത്തിയതിന്റെ 4.3 ശതമാനം മാത്രം. സംസ്ഥാന ആസൂത്രണബോർഡിന്റെ കണക്കുകൾ പ്രകാരം 1572.36 കോടി രൂപയാണ് സർക്കാർ ചെലവഴിക്കാതെ കിടക്കുന്നത്. 15 പദ്ധതികൾക്കായി ഒരു ലക്ഷം രൂപ വീതമാണ് ടോക്കൺ പ്രൊവിഷൻ ആയി ബഡ്ജറ്റിൽ നീക്കിവച്ചത്. പദ്ധതിക്ക് ആവശ്യമായി വരുന്ന തുക മൊത്തമായി വകയിരുത്തിയ വിഹിതത്തിൽ നിന്ന് പദ്ധതിപ്രവർത്തനത്തിന്റെ പുരോഗതിയനുസരിച്ച് അധികാരപ്പെടുത്തി നൽകുമെന്നും വ്യക്തമാക്കിയിരുന്നു.
വൻകിട പദ്ധതികൾക്കായി നീക്കിവച്ച ഫണ്ടിന്റെ നിയന്ത്രണവും വിനിയോഗവും ആസൂത്രണ- സാമ്പത്തിക കാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ചുമതലയിലാണ്.
പതിനഞ്ചിൽ പതിമൂന്നും മുൻകാലങ്ങളിൽ തുടർന്നുവന്ന പദ്ധതികളാണ്. ഖരമാലിന്യ പരിപാലനം, വയനാട്-ബന്ദിപൂർ ദേശീയപാത 212ൽ എലിവേറ്റഡ് ഹൈവേ നിർമ്മാണം എന്നിവയാണ് പുതിയ പദ്ധതികൾ. രണ്ടിനും ഒന്നും ചെലവഴിച്ചിട്ടില്ല.
ബഡ്ജറ്റിൽ ചൂണ്ടിക്കാട്ടിയ 15 വൻകിട പദ്ധതികൾ:
1. തിരുവനന്തപുരം, കോഴിക്കോട് മോണോറെയിൽ/ ലൈറ്റ് മെട്രോ
2. വിഴിഞ്ഞം തുറമുഖം
3. കൊച്ചി മെട്രോ
4. കണ്ണൂർ എയർപോർട്ട്
5.35ാം ദേശീയ ഗെയിംസ് വാർഷിക വേതന പദ്ധതി
6. കൊല്ലം, ആലപ്പുഴ എൻ.എച്ച് ബൈപ്പാസ്
7. പാലക്കാട് പുതിയ ഐ.ഐ.ടി
8. ഐ.ഡി.ഇസഡിന് കീഴിൽ വരുന്ന മുഖ്യ അടിസ്ഥാനപദ്ധതിക്കും ലാൻഡ് ബാങ്കിനുമുള്ള സ്ഥലമേറ്റെടുക്കൽ.
9. ഇലക്ട്രോണിക് ഹാർഡ്‌വെയർ പാർക്ക്
10. സംയോജിത ജലഗതാഗത സംവിധാനം
11. കേരള റെയിൽ ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്
12. ജുഡിഷ്യറിയുടെ പശ്ചാത്തല വികസനം
13. പാലങ്ങളും കലുങ്കുകളും പുനർനിർമ്മിക്കുക.
14. ഖരമാലിന്യ പരിപാലന ഫണ്ട്
15. വയനാട്- ബന്ദിപൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണം.