തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ദേശീയ പണിമുടക്ക് ദിവസം ഐ.ഐ.ടി, എൻ.ഐ.ടികൾ അടക്കം പ്രധാന എൻജിനിയറിംഗ് സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് (ജെ.ഇ.ഇ) മെയിൻ പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾ എത്തിയത് കഷ്ടപ്പാടും ദുരിതപർവവും കടന്ന്. തലസ്ഥാനത്തെ പരീക്ഷാസെന്ററായ ആറ്റിങ്ങൽ നഗരൂരിലെ രാജധാനി എൻജിനിയിറിംഗ് കോളേജിൽ നടന്ന പരീക്ഷയ്ക്ക് 1212 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്.
ദേശീയ പണിമുടക്ക് കണക്കിലെടുത്ത് പരീക്ഷ മാറ്റണമെന്ന് ആവശ്യമുയർന്നെങ്കിലും നേരത്തേ തുടങ്ങിയ പരീക്ഷകളുടെ തുടർച്ചയായതിനാൽ മാറ്റാനാവില്ലെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കിയിരുന്നു. ഇതോടെ, ജില്ലയിലെ വിദ്യാർത്ഥികളിൽ പലരും രക്ഷകർത്താക്കൾക്കൊപ്പം കാറിലും ബൈക്കിലുമൊക്കെയായി പുലർച്ചെ യാത്ര തിരിക്കുകയായിരുന്നു. പണിമുടക്കായതിനാൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തില്ലെന്ന് വ്യക്തമാക്കിയിരുന്നു. തലസ്ഥാന നഗരത്തിലുള്ളവരിൽ പലരും തലേദിവസം തന്നെ ആറ്റിങ്ങലിലെ ബന്ധുവീടുകളിൽ താമസിച്ചാണ് പരീക്ഷയ്ക്കെത്തിയത്.
രാവിലെ 9.30ന് നടക്കേണ്ട പരീക്ഷയ്ക്ക് 8.30നാണ് രജിസ്റ്റർ ചെയ്യേണ്ടിയിരുന്നത്. വിദ്യാർത്ഥികളെല്ലാം 7 മണിയോടെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിയിരുന്നു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് വാഹനങ്ങളുടെ അപര്യാപ്തതയും ഭക്ഷണവും വെള്ളവും ലഭിക്കാനുള്ള ബുദ്ധിമുട്ടുമായിരുന്നു. പണിമുടക്കിനെ തുടർന്ന് പല വിദ്യാർത്ഥികളും ആറ്റിങ്ങലിലും സമീപത്തും ലോഡ്‌ജിൽ മുറിയെടുത്തിരുന്നു. ട്രെയിനിനെ ആശ്രയിച്ചാൽ തുടർയാത്രയ്ക്ക് വാഹനം കിട്ടില്ലെന്ന ആശങ്ക കാരണം കോട്ടയം, കൊല്ലം ജില്ലകളിൽ നിന്നുള്ളവർ കാറിലാണെത്തിയത്. കന്യാകുമാരി മാർത്താണ്ഡം സ്വദേശിയായ ധനേഷ്‌കുമാറും മകളും ചൊവ്വാഴ്ച തന്നെ സമീപത്തെ ലോഡ്ജിൽ മുറിയെടുത്തതിനാൽ സമയത്ത് പരീക്ഷയ്ക്കെത്താനായി. ഭക്ഷണം ലഭിക്കില്ലെന്ന് ഭയന്ന് പഴങ്ങളടക്കം തലേന്ന് തന്നെ വാങ്ങിവച്ചിരുന്നു. പട്ടം സ്വദേശിനി സിമിയും ഇരട്ടകളായ മക്കൾ ഗംഗാരാജും ഗോകുൽ രാജും ബന്ധുവിന്റെ വാഹനത്തിലാണെത്തിയത്.
വിവിധ വിഷയങ്ങളിലായി ജനുവരി 6ന് തുടങ്ങിയ പരീക്ഷ ഇന്ന് അവസാനിക്കും. രാജ്യത്തെ 233 നഗരങ്ങളിലും വിദേശത്തെ ഒമ്പത് കേന്ദ്രങ്ങളിലുമായി 10 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്.