kai
ദേശീയ പണിമുടക്ക് ദിനത്തിൽ മെഡിക്കൽ കോളേജിലേക്ക് പോകാനെത്തിയ സ്ത്രീക്ക് വാഹനസൗകര്യം ലഭ്യമാക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെയും വിവിധ ആവശ്യങ്ങൾ ഉന്നയിച്ചും പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. കടകളെല്ലാം അടയ്ക്കുകയും പൊതുഗതാഗതം സ്തംഭിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് പണിമുടക്ക് ഹർത്താലായി മാറി. ട്രേഡ് യൂണിയൻ സംയുക്ത സമിതി ചൊവ്വാഴ്ച രാത്രി 12 ന് ആരംഭിച്ച പണിമുടക്ക് ഇന്നലെ രാത്രി 12 നാണ് അവസാനിച്ചത്. ചുരുക്കം ചില സ്ഥലങ്ങളിൽ അക്രമ സംഭവങ്ങൾ നടന്നതൊഴിച്ചാൽ പണിമുടക്ക് പൊതുവേ ശാന്തമായിരുന്നു. സർക്കാർ അതിഥിയായെത്തിയ നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്രിനെ ആലപ്പുഴയിൽ സമരക്കാർ രണ്ടുമണിക്കൂറോളം തടഞ്ഞത് സർക്കാരിന് തിരിച്ചടിയായി. ടൂറിസം മേഖലയെ ഒഴിവാക്കിയിരുന്നെങ്കിലും ആലപ്പുഴയിലും ഇടുക്കിയിലും വിനോദ സഞ്ചാര മേഖലയെ പണിമുടക്ക് ബാധിച്ചു.

ഓട്ടോറിക്ഷ, സ്വകാര്യബസ്, ടാക്സി, കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങിയില്ല. എന്നാൽ കെ.എസ്.ആർ.ടി.സി ശബരിമല സർവീസ് നടത്തി. കൊച്ചി മെട്രോയെയും ട്രെയിൻ സർവീസിനെയും പണിമുടക്ക് ബാധിച്ചില്ല. പലയിടത്തും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം കടകൾ തുറക്കുമെന്ന് അറിയിച്ചെങ്കിലും പ്രധാന കമ്പോളങ്ങൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞു കിടന്നു. തുറന്ന ചില കടകൾ സമരക്കാർ അടപ്പിച്ചു. സെക്രട്ടറിയേറ്റ് ഉൾപെടെയുള്ള സർക്കാർ ഓഫീസുകളിൽ ഹാജർനില തീരെ കുറവായിരുന്നു. തുറന്നു പ്രവർത്തിക്കാൻ ശ്രമിച്ച പല സർക്കാരോഫീസുകളും സമരക്കാർ അടപ്പിച്ചു. മന്ത്രിമാർ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്‌കൂട്ടറിലും മറ്രുമാണ് ഓഫീസിലെത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. കർഷക, കർഷക തൊഴിലാളികളുടെ ആഭിമുഖ്യത്തിൽ ഗ്രാമീണ ഹർത്താലും ആഹ്വാനം ചെയ്തിരുന്നതിനാൽ നഗരത്തിലെ പോലെ ഗ്രാമപ്രദേശങ്ങളിലും ഹർത്താൽ പൂർണമായിരുന്നു. കൊച്ചിയിലെയും കഞ്ചിക്കോട്ടെയും വ്യവസായ മേഖലയിലും പണിമുടക്ക് പൂർണമായിരുന്നു. തിരുവനന്തപുരത്ത് ടെക്‌നോപാർക്കിലും കൊരട്ടി ഇൻഫോപാർക്കിലും ജോലിക്കെത്തിയവരെ സമരക്കാർ തടഞ്ഞു. ബാങ്ക്, ഇൻഷ്വറൻസ്, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഭൂരിഭാഗം ജീവനക്കാരും ജോലിയിൽ നിന്ന് വിട്ടു നിന്നു.
രാവിലെ തന്നെ എല്ലാ ജില്ലകളിലും താലൂക്ക് കേന്ദ്രങ്ങളിലും തൊഴിലാളികളും ജീവനക്കാരും പ്രകടനം നടത്തി. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി തുടങ്ങിയ സംഘടനകളുടെ നേതാക്കൾ അതാത് ജില്ലകളിൽ നേതൃത്വം നൽകി. തിരുവനന്തപുരത്ത് പാളയം ആശാൻ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച പ്രകടനം സ്റ്റാച്യുവിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗത്തിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ തുടങ്ങിയവർ സംസാരിച്ചു.