തിരുവനന്തപുരം:ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മുറജപത്തിന്റെ ആറാംമുറയുടെ സമാപനത്തിനുള്ള മുറശീവേലി വൈകി. പുലയുള്ള ഒരാൾ ക്ഷേത്രത്തിൽ കടന്നതിനെ തുടർന്നാണ് ശീവേലി നിറുത്തിവച്ചത്.

ചൊവ്വാഴ്ച രാത്രി 8.30ന് ശീവേലി തുടങ്ങാനിരിക്കുമ്പോഴാണ് തന്ത്രിയെ കാണാനായി ഒരാൾ എത്തിയത്. അയാൾക്ക് പുലയുള്ള കാര്യം തന്ത്രി ഒാർമ്മിപ്പിക്കുകയും പുറത്തുപോകാൻ പറയുകയും ചെയ്തു.തുടർന്ന് തന്ത്രി

യുടെ നിർദ്ദേശത്തെ തുടർന്ന് ശുദ്ധികലശവും അനുബന്ധക്രിയകളും നടത്തിയ ശേഷം 10.45 ഓടെ പല്ലക്ക് വാഹനത്തിൽ ശീവേലി ആരംഭിച്ചു. ശീവേലിക്ക് ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമവർമ്മ അകമ്പടി സേവിച്ചു. 11.30 ന് ശീവേലി സമാപിച്ചു. ആറാംമുറയോടെ പദ്മതീർത്ഥക്കുളത്തിൽ വൈകുന്നേരങ്ങളിൽ നടന്നിരുന്ന ജലജപവും അവസാനിച്ചു. മുറജപത്തിന്റെ അവസാനമുറ ഇന്നലെ ആരംഭിച്ചു. ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെയും തൃശൂർ, തിരുനാവായ വാദ്ധ്യാൻമാരുടെയും നേതൃത്വത്തിലാണ് എട്ട് ദിവസത്തെ അവസാനമുറ നടക്കുന്നത്.
മുറജപത്തോടനുബന്ധിച്ചുള്ള 12 ദിവസത്തെ കളഭം ഇന്നലെ സമാപിച്ചു. രാവിലെ പ്രത്യേക കളഭാഭിഷേകം ഉണ്ടായിരുന്നു. വർഷം തോറും പതിവുള്ള മാർകഴി കളഭം ഇന്ന് ആരംഭിക്കും. ഇത് മകരസംക്രാന്തി ദിവസമായ 15ന് സമാപിക്കും. അന്നേ ദിവസം രാത്രി 8.30ന് പൊന്നും ശീവേലിയോടെ മുറജപം സമാപിക്കും. 15 നാണ് ഇക്കൊല്ലത്തെ ലക്ഷദീപം.