kadal

ചിറയിൻകീഴ്: താഴംപള്ളി മുതൽ നെടുങ്ങണ്ട വരെയുള്ള തീരദേശമേഖലയിൽ തീര സംരക്ഷണത്തിനായുള്ള പുലിമുട്ടുകൾ സ്ഥാപിക്കുന്ന പദ്ധതി അനന്തമായി നീളുന്നു. തീരദേശ മേഖലയിൽ കടൽക്ഷോഭം വൻ രൂക്ഷമാകുന്ന മേഖലയാണിവിടം. മുതലപ്പൊഴി ഫിഷിംഗ് ഹാർബറിലെ നിർമാണവുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ തീരം ഇല്ലാതായതിന് പുറമെ പലയിടത്തും കടൽഭിത്തിയും പൂർ‌ണമായും തകർന്ന നിലയിലാണ്.

ഇവിടെ പുലിമുട്ടുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴും അധികൃതർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന പരാതി വ്യാപകമാണ്. ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ താഴംപള്ളി മേഖലയിൽ ഒരു പുലിമുട്ട് സ്ഥാപിച്ചിട്ടുണ്ട്. അത് വൻവിജയമാണെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. അവിടെ കടൽ ഉൾവലിയുകയും തീരം രൂപപ്പെടുകയും ചെയ്തു. ഇതിനു സമാനമായ രീതിയിൽ 150 മീറ്റർ അകലത്തിൽ 80ഓളം പുലിമുട്ടുകൾ സ്ഥാപിച്ചാൽ ഇവിടത്തെ തീരം സംരക്ഷിക്കാൻ കഴിയും എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ശക്തമായ കടലാക്രമണത്തിൽ ഈ മേഖലയിലെ നൂറുകണക്കിന് വീടുകൾക്ക് നാശങ്ങൾ സംഭവിച്ചതിന് പുറമേ അഞ്ചുതെങ്ങ് കോട്ട, അഞ്ചുതെങ്ങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ അടക്കമുള്ള ചരിത്രസ്മാരകങ്ങളും സ്ഥാപനങ്ങളും കടലാക്രമണത്തിൽ തകർച്ചാ ഭീഷണി നേരിടുകയാണ്. 2015ൽ ഒരു കോടി 10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച തോണി കടവിലെ ഫിഷ് ലാൻഡ് സെന്റർ കടലാക്രമണത്തിൽ ഇല്ലാതായതും മുൻകാല ചരിത്രമാണ്. ഇതിനുപുറമേ താഴംപള്ളി മുതൽ അഞ്ചുതെങ്ങ് വരെയുള്ള റോഡും തകർച്ചയിലാണ്. ഈ മേഖലയിലുള്ള പല ഹൈമാസ്റ്റ് ലൈറ്റുകളും കത്തുന്നില്ല എന്ന പരാതിയുമുണ്ട്. താഴം പള്ളി മുതൽ അഞ്ചുതെങ്ങ് വരെയുള്ള ഭാഗങ്ങളിൽ പലയിടത്തും കടലിനും കായലിനും ഇടയ്ക്കുള്ള ഭാഗത്ത് 20 മുതൽ 25 മീറ്റർ വരെയാണ് വീതി. ശക്തമായ തിരയടിയിൽ കടൽവെള്ളം ഇതുവഴിയുള്ള റോഡും കടന്ന് പലപ്പോഴും കായലിൽ പതിക്കാറുണ്ട്. അങ്ങനെ സംഭവിക്കുമ്പോൾ ധാരാളം മണ്ണ് റോഡിൽ കുന്നുകൂടുന്നത് കാരണം ഇതുവഴിയുള്ള വാഹന യാത്രയും തടസപ്പെടാറുണ്ട്.