തിരുവനന്തപുരം: കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലം വളർത്തുക, ജങ്ക് ഫുഡ് ഒഴിവാക്കുക, ജീവിതശൈലി രോഗങ്ങളെപ്പറ്റി അവബോധം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഭക്ഷ്യസുരക്ഷാ വിഭാഗം സംഘടിപ്പിക്കുന്ന 'ഈറ്റ് റൈറ്റ് സ്കൂൾ 2020' പരിപാടി ഇന്ന് ടാഗോർ തിയേറ്ററിൽ നടക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് മുഖ്യാതിഥിയാകും. പരിപാടിയുടെ ഭാഗമായി രാവിലെ 7ന് കവടിയാർ നിന്നു ടാഗോർ തീയേറ്ററിലേക്ക് ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള 800 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വാക്കത്തോൺ നടക്കും. 8ന് സൂംബ ഡാൻസ്, 9 മുതൽ രജിസ്ട്രേഷൻ. തുടർന്ന് നടക്കുന്ന ചർച്ചയിൽ ഋഷിരാജ് സിംഗുമായി കുട്ടികൾക്ക് സംവദിക്കാം. 10.30 മുതൽ ക്വിസ് മത്സരവും പോസ്റ്റർ പ്രദർശനവും. ഡോ. ദിവ്യ എസ്. അയ്യർ ക്വിസ് മാസ്റ്രറാകും. 12.30ന് പാനൽ ഡിസ്‌കഷൻ. ഐ.എം.എ മുൻ പ്രസിഡന്റ് ഡോ. ശ്രീജിത് എൻ. കുമാർ,​ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ ചീഫ് ഡോ. ഇന്ദു,​ എഫ്.എസ്.എസ്.എ.ഐ ഡയറക്ടർ മുത്തുമാരൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു തുടങ്ങിയവർ ഡിസ്‌കഷനിൽ പങ്കെടുക്കും.