കേപ്ടൗൺ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 189 റൺസിന്
കീഴടക്കി ഇംഗ്ളണ്ട്
ആൾ റൗണ്ട് മികവിൽ ബെൻ സ്റ്റോക്സ്
മാൻ ഒഫ് ദ മാച്ച്
കേപ്ടൗൺ : അഞ്ചാം ദിവസം സമനിലയെങ്കിലും ലഭിക്കാൻവേണ്ടി ആഞ്ഞുപൊരുതിയ ദക്ഷിണാഫ്രിക്കയെ അവസാന സെഷനിൽ ആൾ ഒൗട്ടാക്കിയ ഇംഗ്ളണ്ട് നാല് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിൽ 189 റൺസിന് വിജയം സ്വന്തമാക്കി. ഇതോടെ പരമ്പര 1-1ന് സമനിലയിലായി. ഇൗമാസം 16ന് പോർട്ട് എലിസബത്തിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.
കേപ്ടൗണിൽ 438 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക നാലാംദിവസം കളി നിറുത്തുമ്പോൾ 126/2 എന്ന നിലയിലായിരുന്നു. അവസാന ദിവസത്തെ രണ്ട് സെഷനുകൾ പിന്നിടുമ്പോൾ 225/5 എന്ന നിലയിൽ പൊരുതി നിന്ന ആരാധകർ സമനില നേടുമെന്ന് പ്രതീക്ഷസിച്ചവരെ തകർത്തത് അവസാന മൂന്ന് വിക്കറ്റുകൾ ഞൊടിയിടയിൽ വീഴ്ത്തിയ ബെൻ സ്റ്റോക്സാണ്. 248 റൺസിനാണ് ദക്ഷിണാഫ്രിക്ക ആൾ ഒൗട്ടായത്.
63 റൺസുമായി പീറ്റർ മലാനും രണ്ട് റൺസുമായി കേശവ് മഹാരാജുമാണ് അഞ്ചാംദിവസം ബാറ്റിംഗ് തുടരാനെത്തിയത്. രാവിലെ തന്നേ കേശവ് അതേ സ്കോറിന് പുറത്തായശേഷം മലാനൊപ്പം (84) ഡുപ്ളെസി (19), വാൻഡർ ഡ്യൂസൻ (17), ഡികോക് (50) എന്നിവർ നടത്തിയ പ്രതിരോധാത്മക ബാറ്റിംഗാണ് ആതിഥേയർക്ക് പ്രതീക്ഷ പകർന്നത്.
അവസാന സെഷനിൽ ഡെൻലി ഡി കോക്കിനെ പുറത്താക്കിയതാണ് മത്സരത്തിൽ നിർണായകമായത്. ഇതോടെ ആതിഥേയർ 237/6 എന്ന നിലയിലായി. പിന്നെല്ലാം പെട്ടെന്നായിരുന്നു. ഇതേ സ്കോറിൽ വാൻഡർ ഡ്യൂസനെ ബ്രോഡ് മടക്കി അയച്ചു. തുടർന്ന് ഡ്വെയ്ൻ പ്രിട്ടോറിയസിനെയും (0) ആൻറിച്ച് നോർജെയെയും (0) അടുത്തടുത്ത പന്തുകളിൽ സ്റ്റോക്സ് ഡക്കാക്കി. അവസാന പരമ്പരയ്ക്കിറങ്ങിയ ബർനോൺ ഫിലാൻഡറെ ഒലി പോപ്പിന്റെ കൈയിലെത്തിച്ചാണ് സ്റ്റോക്സ് ഇംഗ്ളണ്ടിന്റെ വിജയം കുറിച്ചത്.
സ്കോർ കാർഡ്
ഇംഗ്ളണ്ട് ഒന്നാം ഇന്നിംഗ്സ് 269
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്സ് 223
ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സ് 391/8 ഡിക്ള.
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ് 248
മാൻ ഒാഫ് ദ മാച്ച്
ബെൻസ്റ്റോക്സ്
ആദ്യ ഇന്നിംഗ്സിൽ 47 റൺസെടുത്തിരുന്ന സ്റ്റോക്സ് രണ്ടാം ഇന്നിംഗ്സിൽ 47 പന്തുകളിൽ 72 റൺസടിച്ച് ഇംഗ്ളണ്ടിനെ മികച്ച സ്കോറിലെത്തിക്കാൻ ഡോം സിബിലിക്ക് (133) പിന്തുണയേകി. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിലെ അവസാന മൂന്ന് വിക്കറ്റുകളും വീഴ്ത്തിയതോടെ മാൻ ഒഫ് ദ മാച്ചായി സ്റ്റോക്സ് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.