തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ധനവകുപ്പിലെ വനിത ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ അഡിഷണൽ ചീഫ് സെക്രട്ടറിയോട് (ഫിനാൻസ്) റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് വനിത കമ്മിഷൻ അംഗം ഇ.എം. രാധ. പരാതിക്കാരിയും എതിർകക്ഷികളായ ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് നടന്ന അദാലത്തിൽ ഹാജരായി.
ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ വനിത ബ്ലോക്ക് പഞ്ചായത്ത് അംഗം വനിത കമ്മിഷനിൽ നൽകിയ പരാതിയിൽ നെടുമങ്ങാട് പൊലീസിനോട് അടിയന്തര റിപ്പോർട്ട് തേടി. പാർട്ടി ഓഫീസിൽ പരാതി കൊടുത്തിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് കമ്മിഷനിൽ പരാതി നൽകിയത്. ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തുകയാണെന്നും ശാരീരികമായി കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയിലുണ്ട്. എതിർകക്ഷിയായ ജില്ലാ പഞ്ചായത്ത് അംഗത്തെ കമ്മിഷൻ ഓഫീസിൽ വിളിച്ചു വരുത്തി നടപടിയെടുക്കുമെന്ന് കമ്മിഷൻ അംഗം അഡ്വ. എം.എസ്. താര അറിയിച്ചു. അദാലത്തിൽ 325 കേസുകൾ പരിഗണിച്ചു. 81 കേസുകൾ തീർപ്പാക്കി. 230 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. 9 എണ്ണത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടു. 5 പരാതികൾ കൗൺസിലിംഗിനായി അയച്ചു. അദാലത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ, സബ് ഇൻസ്‌പെക്ടർ രമ, അഭിഭാഷകർ, കൗൺസിലർമാർ എന്നിവരും പങ്കെടുത്തു.