ഇൻഡോർ ട്വന്റി 20യിൽ ഇന്ത്യയ്ക്ക് വിജയം
മൂർച്ചയേറിയ പേസ് ബൗളിംഗുമായി നവ്ദീപ്
സെയ്നി മാൻ ഒഫ് ദ മാച്ച്
ഇൻഡോർ : ആദ്യ ട്വന്റി 20 ഗോഹട്ടിയിലെ മഴയിൽ ഒലിച്ചുപോയെങ്കിലും ഇൻഡോറിലെ രണ്ടാം മത്സരത്തിൽ അടിപൊളി വിജയവുമായി ഇന്ത്യ.
ഹോൾക്കർ സ്റ്റേഡിയത്തിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു വിരാടിന്റെയും സംഘത്തിന്റെയും വിജയം. താരതമ്യേന ദുർബലരായ ലങ്കയിൽ നിന്ന് അത്ഭുതങ്ങളൊന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഇന്ത്യ പിഴവുകൾ അധികം വരുത്താതെ ആധികാരിക വിജയം നേടുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട ആദ്യ ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഒാവറിൽ 142/9 എന്ന സ്കോർ മാത്രമാണ് നേടാനായത്. മറുപടിക്കിറങ്ങിയ ഇന്ത്യ 17.3 ഒാവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി ലക്ഷ്യംകണ്ടു.
മുൻനിരയിൽ ധനുഷ്‌ക ഗുണതിലക (20), അവിഷ്ക ഫെർണാൻഡോ (22), കുശാൽ പെരേര (34) എന്നിവർ നല്ല തുടക്കം നൽകാൻ ശ്രമിച്ചെങ്കിലും മദ്ധ്യനിര പൊളിഞ്ഞതോടെയാണ് ലങ്കയ്ക്ക് 142 ൽ ഒതുങ്ങേണ്ടിവന്നത്. ഒപ്പാഡ ഫെർണാൻഡോ (10), രജപക്‌സ് (9), ഷനക (7) എന്നിവരുടെ പുറത്താക്കൽ സന്ദർശകർക്ക് തിരിച്ചടിയായി. ധനഞ്ജയം ഡിസിൽവയും (17), ഹസരംഗയും (16) അവസാന ഘട്ടത്തിൽ സ്കോർ ഉയർത്തിയതാണ് ലങ്കയെ 142 വരെ എത്തിച്ചത്.
ഇന്ത്യൻ പേസർ ശാർദ്ദൂൽ 19-ാം ഒാവറിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ യുവ പേസർ നവ്‌ദീപ് സെയ്‌നിയും സ്പിന്നർ കുൽദീപ് യാദവും (രണ്ട് വിക്കറ്റ് വീതം), വാഷിംഗ്ടൺ സുന്ദറും തുടക്കത്തിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കാണ് ലങ്കൻ ബാറ്റിംഗിന്റെ വീര്യം കുറച്ചത്.
ബുംറ റിട്ടേൺസ്
പരിക്കിന്റെ ഇടവേള കഴിഞ്ഞ് ടീമിൽ തിരിച്ചെത്തിയ ജസ്‌പ്രീത് ബുംറ നാലോവറിൽ 32 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി കെ.എൽ. രാഹുൽ (45), ശിഖർ ധവാൻ (32), ശ്രഷയസ് അയ്യർ (34), വിരാട് കൊഹ്‌ലി (30 നോട്ടൗട്ട്) എന്നിവർ മികച്ചപ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യൻ വിജയം ആധികാരികമാവുകയായിരുന്നു.
സൂപ്പർ സെയ്‌നി (2-18)
നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ നവ്‌ദീപ് സെയ്‌നിയാണ് മാൻ ഒഫ് ദ മാച്ച്. 148 കി.മീറ്റർ സ്‌പീഡിൽ പന്തെറിഞ്ഞ സെയ്‌നി എട്ടാം ഒാവറിൽ ഗുണതിലകയെ സുന്ദരമായൊരു യോർക്കറിലൂടെ ക്ളീൻ ബൗഡാക്കുകയായിരുന്നു. 15-ാം ഒാവറിലാണ് രജപാക്‌സെയെ (9) ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചത്.
ഫൈനൽ 10ന്
ഇന്ത്യ -ശ്രീലങ്ക പരമ്പരയിലെ മൂന്നാം ട്വന്റി 20 വെള്ളിയാഴ്ച (ജനുവരി 10) പൂനെയിൽ നടക്കും. ആദ്യമത്സരം ഉപേക്ഷിക്കപ്പെട്ടതിനാൽ 10-ാംതീയതിയിലെ വിജയികൾക്കാകും പരമ്പര.
33
ഒരുഘട്ടത്തിൽ 97/3 എന്ന നിലയിലായിരുന്ന ലങ്കയ്ക്ക് തുടർന്ന് റൺസെടുക്കുന്നതിനിടെയാണ് ആറ് വിക്കറ്റുകൾ നഷ്ടമായത്.
ഏറെ നാളുകൾക്ക് ശേഷമാണ് ട്വന്റി 20 ടീമിൽ തിരിച്ചെത്തുന്നത്. പ്രതീക്ഷിച്ചതിലേറെ നന്നായി പന്തെറിയാൻ ഇൻഡോറിലെ പിച്ച് സഹായിച്ചു.
നവ്ദീപ് സെയ്നി
വരുമോ പ്രസീദ് ഇന്ത്യൻ ടീമിൽ
ആഭ്യന്തര ക്രിക്കറ്റിൽ തനിക്ക് ഏറെ പ്രതീക്ഷയുള്ള പേസ് ബൗളറാണ് കർണാടകയുടെ പ്രസീദ് കൃഷ്ണയെന്ന് ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്‌ലി. ശ്രീലങ്കയ്ക്ക് എതിരായ മത്സരശേഷം ലോകകപ്പിൽ പുതിയ പേസർമാരെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് കൊഹ്‌ലി പ്രസീദിന്റെ പേര് പറഞ്ഞത്. ഇതോടെ ഇൗമാസം തുടങ്ങുന്ന ന്യൂസിലാൻഡ് പര്യടനത്തിൽ പ്രസീദ് കൃഷ്ണ ഇന്ത്യൻ ടീമിലെത്താൻ സാദ്ധ്യതയേറി. ഐ.പി.എൽ കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി മികച്ച പ്രകടനം ഇൗ 23 കാരൻ കാഴ്ചവച്ചിരുന്നു.
ഇസുരു ഉഡാനയ്ക്ക് പരിക്ക്
ഇൻഡോറിൽ മത്സരത്തിന് തൊട്ടുമുമ്പ് നടുവിന് പരിക്കേറ്റ ലങ്കൻ ഇടംകയ്യൻ പേസർ ഇസുരു ഉഡാന പൂനെയിൽ നടക്കുന്ന അവസാന ട്വന്റി 20 യിൽ കളിക്കാൻ സാദ്ധ്യതയില്ല. ഇൻഡോറിൽ ബാറ്റിംഗിന് ഇറങ്ങിയെങ്കിലിും ബൗളിംഗിൽ നിന്ന് ഉഡാന മാറിനിൽക്കുകയായിരുന്നു.