01

പോത്തൻകോട്: പൊതുപണിമുടക്കിൽ തുറന്നുപ്രവർത്തിച്ച ഹോട്ടലിന്റെ ജനൽച്ചില്ല് സമരാനുകൂലികൾ എറിഞ്ഞുതകർത്തു. ഇന്നലെ വൈകിട്ട് 6 ഓടെ പോത്തൻകോട് ജംഗ്ഷനിലെ ദുബായ് ഹോട്ടലിലാണ് സംഭവം.

ഹോട്ടലിന്റെ ബോർഡും സമരക്കാർ അടിച്ചുതകർത്തു. ഹോട്ടലിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് എത്തിയാണ് പിന്തിരിപ്പിച്ചത്. ഇന്നലെ വൈകിട്ട് മൂന്നിന് ഹോട്ടൽ തുറക്കുന്നതിനെച്ചൊല്ലി കടയുടമയും സമരാനുകൂലികളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. ഹോട്ടൽ തുറക്കാൻവന്ന ഉടമയോട് കട തുറക്കരുതെന്ന് സമരാനുകൂലികൾ ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച ഹോട്ടൽ ഉടമ കട തുറക്കുകയായിരുന്നു. സംഘർഷത്തെ തുടർന്ന് പോത്തൻകോട് സി.ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. മുതിർന്ന നേതാക്കളെത്തി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടമ ഹോട്ടലടയ്‌ക്കുകയായിരുന്നു. സമരാനുകൂലികൾ പിരിഞ്ഞുപോയതിന് പിന്നാലെയാണ് കടയ്‌ക്ക്‌ നേരെ ആക്രമണമുണ്ടായത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഹോട്ടൽ ഉടമ നൗഷാദ് പറഞ്ഞു. എന്നാൽ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സി.പി.എം പോത്തൻകോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കവിരാജ് പറഞ്ഞു.