ക്വലാലംപൂർ : ഒളിമ്പിക് യോഗ്യത നേടാൻ സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ട ഇന്ത്യൻ താരം സൈന നെഹ്‌വാളിന് മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റിൽ മികച്ച തുടക്കം. ഇന്നലെ തുടങ്ങിയ ടൂർണമെന്റിൽ സൈന, പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ് തുടങ്ങിയ ഇന്ത്യൻ താരങ്ങൾ ആദ്യ റൗഗിൽ വിജയം നേടിയപ്പോൾ പുരുഷ സിംഗിൾസിലെ പ്രതീക്ഷയായിരുന്ന കെ. ശ്രീകാന്ത്, പി. കാശ്യപ് എന്നിവർ ആദ്യ റൗണ്ടിൽ പുറത്തായി. സായ്‌പ്രണീതിനും ആദ്യ റൗണ്ട് മറികടക്കാനായില്ല.
സൈന നെഹ്‌വാൾ
ആദ്യ റൗണ്ടിൽ ബെൽജിയത്തിന്റെ ലിയാണെ ടാനിനെ വെറും 36 മിനിട്ടുകൊണ്ട് കീഴടക്കിയാണ് സൈന പ്രീക്വാർട്ടറിലെത്തിയത്. 21-15, 21-17 എന്ന സ്കോറിനായിരുന്നു സൈനയുടെ ജയം. ലിയാനെയും സൈനയും ആദ്യമായാണ് നേർക്ക് നേർ വന്നത്.
പി.വി. സിന്ധു
നിലവിലെ ലോക ചാമ്പ്യനായ പി.വി. സിന്ധു ആദ്യ റൗണ്ടിൽ റഷ്യയുടെ എപ്‌ജിനിയ കോസെറ്റ് കായയെ കീഴടക്കിയത് 35 മിനിട്ടുകൾകൊണ്ടാണ്. 21-15, 21-13 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ വിജയം. പ്രീക്വാർട്ടറിൽ ജപ്പാന്റെ അയാ ഒഹോരിയാണ് സിന്ധുവിന്റെ എതിരാളി.
എച്ച്.എസ് പ്രണോയ്
ലോക 26-ാം റാങ്കുകാരനായ മലയാളി താരം എച്ച്.എസ്. പ്രണോയ് ആദ്യറൗണ്ടിൽ അട്ടിമറിച്ചത് 10-ാം റാങ്കുകാരൻ കാന്റാ സുനിയാമയെ. 34 മിനിട്ടുകൊണ്ട് 21-9, 21-17 എന്ന സ്കോറിനാണ് പ്രണോയ് ജാപ്പനീസ് താരത്തെ അട്ടിമറിച്ചത്. പ്രീക്വാർട്ടറിൽ ലോക ഒന്നാംറാങ്കുകാരൻ കെന്റോ മോമോട്ടോയാണ് പ്രണോയ്‌യുടെ എതിരാളി.
ഇന്ത്യൻ താരം പി. കാശ്യപ് ആദ്യ റൗണ്ടിൽ കെന്റോമോമോട്ടോയോട് നേരിട്ടുള്ള ഗെയിമുകൾക്ക് തോൽക്കുകയായിരുന്നു. സ്കോർ 17-21, 16-21. സായ് പ്രണീതിനെ 21-11, 21-15ന് ഡെൻമാർക്കിന്റെ റാസ്‌മസ് ഗെംകെയും കെ. ശ്രീകാന്തിനെ 21-17, 21-5ന് ചൈനീസ് തായ്‌പേയ്‌യുടെ ചൗടിയൻ ചെന്നുമാണ് തോൽപ്പിച്ചത്.