പാറശാല: നിർമ്മൽ കൃഷ്ണചിട്ടി തട്ടിപ്പിൽ നിർമ്മലന്റെ ഉടമസ്ഥയിലുള്ള കേരളത്തിലെ സ്വത്തുക്കളും നിക്ഷേപകർക്കായി നൽകാനുള്ള ബാദ്ധ്യതകളും ഉറപ്പാക്കി വഞ്ചിയൂർ കോടതിയിൽ നേരത്തെ സമർപ്പിച്ചിട്ടുള്ള പാപ്പർ ഹർജി നിലനിറുത്തിക്കൊണ്ട് റിസീവറെ നിയമിക്കാൻ വീണ്ടും കോടതി ഉത്തരവായി. നിർമ്മലനെതിരെ നിക്ഷേപകർ ചേർന്ന് മധുര ജില്ലാ കോടതിയിൽ സമർപ്പിച്ചിട്ടുള കേസിൽ അടുത്ത കാലത്തുണ്ടായ വിധിക്കെതിരെയാണ് കോടതിയുടെ വിധി. ഇതനുസരിച്ച് തമിഴ്‌നാട്ടിലും നിർമ്മലന്റെ സ്വത്തുവകകൾക്കയി മറ്റൊരു റിസീവറെ നിയമിക്കണമെന്ന ആവശ്യവുമായി നിർമ്മലൻ മധുര കോടതിയെ സമീപിച്ചെങ്കിലും കോടതി അനുവദിച്ചില്ല.പകരം നിർമ്മലന് തമിഴ് നാട്ടിൽ ജാമ്യംകിട്ടുന്ന മുറയ്ക്ക് നിമ്മലന്റെയും ബിനാമികളുടെയും പേരിൽ കേരളത്തിലുള്ള വസ്തുവകകൾ കണ്ടെത്തി അവ മധുര ജില്ലാ കോടതിയുടെ അധീനതയിൽ കൊണ്ടുവന്ന ശേഷം ഒറ്റക്കേസായി പരിഗണിച്ച് അദാലത്തിലൂടെ നിക്ഷേപകർക്കായി തിരികെ നൽകണമെന്നതാണ് മധുര കോടതി നിർദ്ദേശം. മധുര കോടതി വിധിക്ക് വിരുദ്ധമായ നിലപാടാണ് വഞ്ചിയൂർ കോടതി സ്വീകരിച്ചിട്ടുളളതെന്ന് നിക്ഷേപകരുടെ വക്കീൽ മധുര കോടതിയിൽ സമർപ്പിച്ചതിനെ തുടർന്നായിരുന്നു നടപടി. തമിഴ്നാട്ടിൽ അല്ലാതെ കേരളത്തിൽ ഉൾപ്പെടെ മറ്റെവിടെയെങ്കിലും നിർമ്മലന്റെയോ ബിനാമികളുടെയോ പേരിൽ സ്വത്തുക്കൾ ഉണ്ടെങ്കിൽ അവ തമിഴ്‌നാട്ടിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തി ഈ മാസം 28 ന് കേസ് പരിഗണിക്കവെ രേഖകൾ കോടതിക്ക് കൈമാറണം എന്നതായിരുന്നു മധുര കോടതിയുടെ നിർദ്ദേശം. കാര്യങ്ങൾ നീട്ടിക്കൊണ്ടുപോകുന്നതിനായി നിർമ്മലന്റെ വളഞ്ഞ വഴികളിലൂടെയുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.