ദുബായ് : ഐ.സി.സി ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിലെ ഒന്നാംസ്ഥാനത്ത് വിരാട് കൊഹ്ലി തുടരുന്നു. 928 റാങ്കിംഗ് പോയിന്റുകളുമായാണ് വിരാട് ഒന്നാമത് നിൽക്കുന്നത്. 911 റാങ്കിംഗ് പോയിന്റുള്ള സ്റ്റീവ് സ്മിത്താണ് രണ്ടാംസ്ഥാനത്ത്.
അതേസമയം ഇന്ത്യൻ താരങ്ങളായ ചേതേശ്വർ പുജാരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും റാങ്കിംഗിൽ ഇടിവ് സംഭവിച്ചു. പുജാര ഒരു പടവ് ഇറങ്ങി ഏഴാമതായപ്പോൾ രഹാനെ രണ്ട് പടവ് ഇറങ്ങി ഒൻപതാമതായി.
ബൗളർമാരിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ 794 പോയിന്റുമായി ആറാം സ്ഥാനത്ത് തുടരുകയാണ്. അശ്വിൻ ഒൻപതാം റാങ്കിലും ഷമി പത്താം റാങ്കിലുമാണ്.
കഴിഞ്ഞ പരമ്പരകളിൽ അത്യുജ്ജ്വല പ്രകടനം കാഴ്ചവച്ച ആസ്ട്രേലിയൻ ബാറ്റ്സ്മാൻ മാർനസ് ലബുഷാംഗെ കരിയർ ബെസ്റ്റായ മൂന്നാം റാങ്കിലെത്തി.
മൂന്നാം ഹാട്രിക്കുമായി റാഷിദ്
അഡ്ലെയ്ഡ് : ട്വന്റി 20 ക്രിക്കറ്റിൽ മൂന്ന് ഹാട്രിക്കുകൾ തികയ്ക്കുന്ന ആദ്യ ബൗളറെന്ന റെക്കാഡ് അഫ്ഗാനിസ്ഥാനി സ്പിന്നർ റാഷിദ് ഖാന് സ്വന്തം. ഇന്നലെ ആസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സേഴ്സിനെതിരായ മത്സരത്തിലാണ് അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിന് വേണ്ടി റാഷിദ് ഖാൻ ഹാട്രിക് നേടിയത്.
ജെയിംസ് വിൻസ്, ജാക്ക് എഡ്വാർഡ്സ്, യോർദാൻ സിൽക്ക് എന്നിവരെയാണ് റാഷിദ് തുടർച്ചയായ പന്തുകളിൽ പുറത്താക്കിയത്.
ക്രിസ്ഗ്രീനിന് വിലക്ക്
സിഡ്നി : കഴിഞ്ഞ താരലേലത്തിൽ കൊൽക്കത്താ നൈറ്റ് റൈഡേഴ്സ് 20 ലക്ഷത്തിന് സ്വന്തമാക്കിയ ആസ്ട്രേലിയൻ ആൾ റൗണ്ടർ ക്രീസ് ഗ്രീനിന് ബൗളിംഗ് വിലക്ക്. ആസ്ട്രേലിയൻ ബിഗ്ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിലെ ബൗളിംഗ് ആക്ഷനിൽ സംശയം ഉയർന്നതിനെ തുടർന്നാണ് സിഡ്നി തണ്ടേഴ്സ് താരമായ ഗ്രീനിനെ വിലക്കിയത്.
മാനേ പ്ളേയർ ഒഫ് ദ ഇയർ
കെയ്റോ : കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച ആഫ്രിക്കൻ ഫുട്ബാൾ താരമായി സെനഗളുകാരനായ ലിവർപൂൾ താരം സാഡിയോ മാനേ തിരഞ്ഞെടുക്കപ്പെട്ടു.