01

പോത്തൻകോട്: സഞ്ചാരികൾക്ക് പുത്തൻ അനുഭവം പകരാൻ വേളി ടൂറിസ്റ്റ് വില്ലേജ് അണിഞ്ഞൊരുങ്ങുന്നു. ഏറെക്കാലം അവഗണിക്കപ്പെട്ടു കിടന്ന ഇവിടെ ഇനി ഒരു ദിവസം ചെലവഴിക്കാനെത്തുന്ന സന്ദർശകർ നിരാശപ്പെടേണ്ടി വരില്ല. വേളി കായൽ അറബിക്കടലുമായി കൂടിച്ചേരുന്ന വേളി ടൂറിസ്റ്റ് വില്ലേജ് ഉൾപ്പെടുന്ന 12 ഏക്കറിലധികം വരുന്ന കേന്ദ്രത്തെ ആധുനിക അർബൻ എക്കോ പാർക്കായി മാറ്റുന്നതിനുള്ള ഏറ്റവും വലിയ നവീകരണ പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. മൂന്നു വർഷം മുമ്പ് തുടങ്ങിവച്ച പദ്ധതികൾ അവസാന ഘട്ടത്തിലാണ്. സീസണിൽ 1000 മുതൽ 2000 വരെ സന്ദർശകർ ദിവസേന ഇവിടം സന്ദർശിക്കുന്നുവെന്നാണ് കണക്ക്. ഇതൊക്കെയാണെങ്കിലും മാലിന്യ നിർമ്മാർജ്ജനത്തിന് മുൻഗണന ലഭിക്കുന്നില്ലെന്ന് ഇവിടത്തെ ഒരു പോരായ്മമയാണ്. പാർക്കിന്റെ പലഭാഗങ്ങളിലും ഇപ്പോഴും മാലിന്യം കുന്നുകൂടികിടക്കുകയാണ്. പാർക്കിന്റെ ശുചീകരണത്തിനായി ഒരു ഡസനിലേറെ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ശമ്പളം മാത്രം മുടങ്ങാതെ വാങ്ങാറുണ്ടെന്ന് പരാതിയുണ്ട്.

പദ്ധതിയിൽ ഉൾപ്പെടുന്നത്

മിനിയേച്ചർ ട്രെയിൻ, കുട്ടികളുടെ ആധുനിക പാർക്ക്, 5പെഡൽ ബോട്ടുകളും 3 സ്പീഡ് ബോട്ടുകളും സോളാർ ബോട്ടും ഉൾപ്പെടെ 1.65 കോടി രൂപയുടെ പുതിയ ബോട്ടുകൾ, 70 ലക്ഷം രൂപ മുടക്കി നവീകരിച്ച ഫ്ലോട്ടിംഗ് റസ്റ്റോറന്റ്, അംബി തിയേറ്റർ, ഫ്ലോട്ടിംഗ് ഓപ്പൺ സ്റ്റേജ്, പ്രവേശന കവാടം, ചുറ്റുമതിൽ, ഓഫീസ് കോംപ്ലക്സ്, പൊലീസ് എയ്ഡ് പോസ്റ്റ് എന്നിവയുടെ നവീകരണം, 18 ഏക്കറിൽ ആധുനിക കൺവെൻഷൻ സെന്റർ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, ടോയ്‌ലെറ്റ് ബ്ലോക്ക്, ക്ലോക്ക് റൂം, ടൂറിസ്റ്റ് വിശ്രമ കേന്ദ്രം, എ.ടി.എം കൗണ്ടർ എന്നിവയും ടൂറിസ്റ്റ് വില്ലേജിന്റെ പടിഞ്ഞാറുവശത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ കലാകാരന്മാർക്ക് ആർട്ട് കഫേ തുടങ്ങിയ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളടങ്ങുന്ന 56 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ ധൃതഗതിയിൽ പുരോഗമിക്കുന്നത്. ഫ്ലോട്ടിംഗ് റസ്റ്റോറന്റിൽ ഒരേസമയം 70 പേർക്ക് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്.


ആകർഷണമായി മിനിയേച്ചർ ട്രെയിൻ

പദ്ധതികളിൽ ഏറെ ആകർഷകം തെക്കേ ഇന്ത്യയിലെ ആദ്യത്തെ സോളാർ മിനി ട്രെയിൻ സർവീസാണ്. ഈ മാർച്ചോടെ പ്രവർത്തന സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്ന ട്രെയിൻ സർവീസിന്റെ ചെലവ് 9 കോടി രൂപയാണ്. ഒരു എൻജിനും രണ്ട് ബോഗികളിലായി 50 പേർക്ക് സഞ്ചരിക്കാവുന്ന ട്രെയിൻ തുരങ്കത്തിലൂടെയും കായലിന്റെ കുറുകെയുള്ള പാലത്തിലൂടെയും ശംഖ് പാർക്കിനെ ചുറ്റിയും 2.30 കിലോമീറ്റർ ദൂരത്തിൽ രണ്ട് സ്റ്റേഷനുകൾ വഴി കടന്നുപോകുന്നത് സഞ്ചാരികൾക്ക് പുത്തൻ അനുഭവമായി മാറും.

 നടക്കുന്നത് 56 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ


വേളി ടൂറിസ്റ്റ് വില്ലേജിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നവീകരണ പദ്ധതികൾ പൂർത്തിയാകുന്നതോടെ തലസ്ഥാനത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമായി വേളി മാറും. ജോലികൾ പൂർത്തിയാക്കി ഏപ്രിലോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാകും.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ