തിരുവനന്തപുരം: പേട്ട റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ മാലിന്യം തള്ളാനെത്തിയ നാലംഗ സംഘത്തെ റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്സ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. ഹോട്ടലുകളിൽ നിന്ന് അനധികൃതമായി മാലിന്യം ശേഖരിച്ച് പൊതുസ്ഥലങ്ങളിൽ തള്ളുന്ന സംഘങ്ങളിൽപ്പെട്ട കരിമഠം കോളനി സ്വദേശികളായ ഷമീർ (24), ഷമീർ (33), സജിത് (24), അരുൺ (21) എന്നിവരാണ് പിടിയിലായത്.
തുടർച്ചയായി ശുചീകരണം നടത്തിയിട്ടും മാലിന്യം നിറച്ച ചാക്കുകൾ അടുത്തടുത്ത ദിവസങ്ങളിൽ റെയിൽവേ
ട്രാക്കിൽ പ്രത്യക്ഷപ്പെടുന്നതിന്റെ കാരണം തേടി ആർ.പി.എഫ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. വാനിലെത്തിയ സംഘം ചാക്കുകളിലാക്കിയ മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിയുന്നതിനിടെയാണ് ആർ.പി.എഫിന്റെ പിടിയിലായത്. പൊലീസിനെക്കണ്ട് സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആർ.പി.എഫ് സംഘം ബൈക്കുകളിൽ പിന്തുടർന്നാണ് ഇവരെ പിടികൂടിയത്.
യാത്രക്കാരുടെ സുരക്ഷ, നിരോധിത സ്ഥലത്ത് കടന്നുകയറൽ, ആരോഗ്യത്തിന് ഹാനികരമാകും വിധം പ്രവർത്തിക്കൽ എന്നീ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തതായി ആർ.പി.എഫ് അറിയിച്ചു.
25,000 രൂപ പിഴയും ഈടാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ ട്രാക്കിൽ കണ്ടെത്തിയ ഇരുന്നൂറു ചാക്കു മാലിന്യം ഇവരെ ഉപയോഗിച്ച് നീക്കം ചെയ്യിക്കുമെന്നും ആർ.പി.എഫ് അധികൃതർ അറിയിച്ചു.
മാലിന്യം തള്ളാൻ സംഘങ്ങൾ സജീവം
നഗരത്തിലെ ഹോട്ടലുകളിൽ നിന്നുളള മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന സംഘങ്ങൾ നഗരത്തിൽ സജീവമാണ്. മാലിന്യം നേരായി സംസ്‌കരിക്കുമെന്ന് കച്ചവട സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് തുക വാങ്ങി ഇവർ മാലിന്യം ശേഖരിക്കുന്നത്. എന്നാൽ ഒഴിഞ്ഞ സ്ഥലങ്ങൾ നേരത്തെക്കൂട്ടി നിരീക്ഷിച്ച് ആളൊഴിഞ്ഞ നേരത്ത് കൊണ്ടുപോയി തള്ളുകയാണ് സംഘത്തിന്റെ പതിവ്. ഇന്നലെ പണിമുടക്ക് കാരണം നിരത്തിൽ ആളൊഴിഞ്ഞതു മുതലെടുത്താണ് പേട്ടയ്ക്കും വഞ്ചിയൂരിനുമിടയിൽ റെയിൽവേ ട്രാക്കിൽ മാലിന്യം തള്ളാനൊരുങ്ങിയത്. നഗരത്തിൽ നിന്നുള്ള മാലിന്യം പഞ്ചായത്തു പ്രദേശങ്ങളിൽ തള്ളിയതിനു അടുത്തടുത്ത ദിവസങ്ങളിൽ ഒട്ടേറെ പേർ പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലത്തെ സംഭവം. ഹോട്ടലുകളിൽ നിന്നുൾപ്പെടെ മാലിന്യം ശേഖരിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ടെന്നാണ് കോർപറേഷൻ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് ഫലപ്രദമാകുന്നില്ല.