si

പാറശാല: കളിയക്കവിള ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിക്കിടെ എസ്.ഐയെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾ തീവ്രവാദ ബന്ധമുള്ളവരെന്ന് വ്യക്തമാക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചു.സംഭവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്ക് തമിഴ്നാട് ‌‌ഡി.ജി.പി കേരളത്തിലെത്തിയിട്ടുണ്ട്. കേരളത്തിലോ,​ തമിഴ്നാട്ടിലോ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നെന്ന് നേരത്തെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. അന്ന് ആക്രമണം നടത്തുമെന്നു കരുതിയവരിലെ മുഖ്യകണ്ണികളാണ് പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്ന തൗഫീക്ക്,​ ഷമീം എന്നിവർ. കളിയാക്കവിളയിലെ കേരള തമിഴ്നാട് ചെക്ക്പോസ്റ്റ് എസ്.ഐയായ മാർത്താണ്ഡം സ്വദേശി വിൽസനാണ് വെടിയേറ്റ് മരിച്ചത്.

അതേസമയം മുഖംമൂടിധാരികളായ അക്രമിസംഘത്തിനായി കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിലുൾപ്പെടെ കേരള - തമിഴ്നാട് പൊലീസ് തെരച്ചിൽ ശക്തമാക്കി. ടി.എൻ 57 എ.ഡബ്ളിയു. 1559 സ്കോർപ്പിയോ കാറിലാണ് രണ്ടംഗ അക്രമിസംഘം കേരളത്തിലേക്ക് കടന്നത്. അക്രമി സംഘത്തിലുൾപ്പെട്ട ഒരാൾക്ക് തമിഴ്നാട്ടിൽ മൂന്ന് കൊലപാതക കേസുകളിൽ പ്രതിയായ രാജ് കുമാറെന്നയാളോട് സാദൃശ്യമുള്ളതായ സംശയത്തിന്റെ അടിസ്ഥാനത്തിൽ ആ വഴിക്കും അന്വേഷണം നീങ്ങുന്നുണ്ട്. എന്നാൽ തൗഫീഖ്, ഷെമീം എന്നീ രണ്ട് ക്രിമിനലുകളാണ് കൊലയാളി സംഘത്തിലുൾപ്പെട്ടിരുന്നതെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ദൃശ്യങ്ങളിൽ നിന്ന് ഇവരെ പൊലീസ് തിരിച്ചറിഞ്ഞതായാണ് സ്ഥിരീകരിക്കാത്ത വിവരം. കൊലയാളികൾ കാറിൽ കേരളത്തിലേക്ക് കടന്നതായ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാറശാല പൊലീസിന്റെ സഹായത്തോടെ കേരളത്തിലെ സിസി ടിവി കാമറകൾ പൊലീസ് സംഘം പരിശോധിച്ചുവരികയാണ്.

അക്രമി സംഘം രക്ഷപ്പെട്ട കാർ കണ്ടെത്തുകയാണ് ലക്ഷ്യം. അതേസമയം തമിഴ്നാട് പൊലീസിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ച് ഇന്നലെ രാത്രി തന്നെ തിരുവനന്തപുരം സിറ്റിയിലും റൂറലിലും ഇന്നലെ രാത്രി മുഴുവൻ പൊലീസ് വാഹന പരിശോധന നടത്തിയെങ്കിലും തമിഴ്നാട് രജിസ്ട്രേഷൻ സ്കോർപ്പിയോ കാ‌ർ കണ്ടെത്താനായില്ല. എന്നാൽ, കേരളത്തിലെ വാഹന പരിശോധനയെപ്പറ്റി സൂചന ലഭിച്ച അക്രമികൾ സ്കോർപ്പിയോ കാറിൽ തമിഴ്നാട്ടിലേക്ക് തിരികെപോയതായ വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ തമിഴ്നാട് പൊലീസ് തയ്യാറായിട്ടില്ല.

ഇന്നലെ രാത്രി 10 മണിയ്ക്ക് കോഴിവിള ഭാഗത്തു നിന്നും പഴയ റോഡിൽ എത്തിച്ചേരുന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്ന അതിർത്തി ചെക്ക് പോസ്റ്റിലായിരുന്നു സംഭവം. ചെക്ക് പോസ്റ്റിനു സമീപത്ത് കൂടി നടന്നെത്തിയ രണ്ട് യുവാക്കൾ സമീപത്തെ മുസ്ളീം പള്ളിയുടെ ഗേറ്റിന് സമീപത്തേയ്ക്ക് പോയ ശേഷം തിരികെയെത്തി വിൽസണ് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവച്ചശേഷം ഇവർ പള്ളിയുടെ കോമ്പൗണ്ട് വാൾചാടി മറുഭാഗത്തെ ദേശീയപാതയിലെത്തി അവിടെ നിന്നും കേരളത്തിലേക്ക് കടക്കുകയായിരുന്നു. വെടിയൊച്ച കേട്ടെത്തിയ നാട്ടുകാരാണ് കളിയിക്കാവിള പൊലീസിൽ വിവരം അറിയിച്ചത്. വിൽസനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്തു തന്നെമരണപ്പെട്ടു.

ചെക്ക് പോസ്റ്റ് വഴി സാധനങ്ങൾ കള്ളക്കടത്ത് നടത്തുന്ന സംഘത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മണ്ണ്, പാറ, ലഹരി വസ്തുക്കൾ, സ്പിരിറ്റ് തുടങ്ങിയവ കടത്തുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കന്യാകുമാരി ജില്ലാ കളക്ടർ പ്രശാന്ത്, ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനാഥ്, തക്കല ഡി.എസ്.പി രാമചന്ദ്രൻ എന്നിവർ സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകിവരുന്നു.വിൽസന്റെ മുഖത്ത് ഉൾപ്പെടെ അഞ്ച് ഓളം വെടിയുണ്ടകളാണ് തറച്ചു കയറിയത്. നാഗർകോവിൽ ആശാരി പള്ളം ഗവ: മെഡിക്കൽ കോളേജിലെ മോർച്ചറിയിലുള്ള മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടത്തിനു ശേഷം ജില്ലാ പൊലീസ് ആസ്ഥാനത്ത് പൊതുദർശനത്തിനായി കൊണ്ടുവരും.