തിരുവനന്തപുരം: പെരിയയിലെ കൃപേഷിനെയും ശരത് ലാലിനെയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ രക്ഷിക്കാനായി സർക്കാർ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരെ ഏർപ്പെടുത്തുന്നതിന് 88 ലക്ഷം രൂപ ചെലവാക്കിയ നടപടി അധികാരദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാവിരുദ്ധവുമാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രിക്കയച്ച കത്തിൽ പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയും സർക്കാർ ചെലവിൽ കൊലയാളികൾക്ക് സർവ്വ സംരക്ഷണവും സൗകര്യങ്ങളും ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്ന പ്രവർത്തനരീതിയിൽ നിന്ന് സർക്കാർ പിന്മാറണം.
കേസിൽ സി.ബി.ഐ അന്വേഷണം തടയുന്നതിനാണ് സുപ്രീംകോടതിയിൽ നിന്നും മുതിർന്ന അഭിഭാഷകരെ ഇത്രയേറെ ചെലവ് ചെയ്തു നിയോഗിച്ചത്. നേരത്തേ ഷുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലും സി.ബി.ഐ അന്വേഷണം തടയാൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി ഒരു കോടിയോളം രൂപ സർക്കാർ ചെലവാക്കിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് ജനങ്ങളുടെ നികുതിപ്പണം ഇപ്രകാരം ദുർവ്യയം ചെയ്ത് കൊലയാളികളെ രക്ഷിക്കാൻ സർക്കാർ ഒരുമ്പെടുന്നത്.
മോദിസർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ള ഭരണഘടനാ വിരുദ്ധ നടപടികൾക്കെതിരായ പ്രക്ഷോഭത്തിൽ ജനങ്ങളുടെ സർവ്വശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുന്ന സന്ദർഭം മുതലെടുത്താണ് കേന്ദ്രസർക്കാരിന്റെ അതേ പാതയിൽ തെറ്റായ നടപടികളുമായി സംസ്ഥാനസർക്കാർ മുന്നോട്ട് പോകുന്നത്. ഭരണഘടന ജനങ്ങൾക്ക് നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശം ജീവിക്കാനുള്ള അവകാശമാണ്. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ജീവിക്കാനുള്ള അവകാശം സി.പി.എം പ്രവർത്തകരാൽ നിഷേധിക്കപ്പെട്ടവരാണ് കൊല്ലപ്പെട്ട കൃപേഷും ശരത്‌ലാലും ഷുഹൈബും.
വർഗ്ഗീയതയുടെ അടിസ്ഥാനത്തിൽ വിയോജിക്കുന്നവരെ ജീവിക്കാൻ അനുവദിക്കാത്തതാണ് നരേന്ദ്രമോദി സർക്കാരിന്റെ നിലപാടെങ്കിൽ രാഷ്ട്രീയ അടിസ്ഥാനത്തിൽ വിയോജിക്കുന്നവരുടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതാണ് കേരള സർക്കാരിന്റേത്. ജനങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നതിൽ മോദി- പിണറായി സർക്കാരുകൾ ഒരേ തൂവൽ പക്ഷികളാണെന്നും സുധീരൻ കുറ്റപ്പെടുത്തി.