തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ധനു തിരുവാതിര മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് ആറാട്ട് നടക്കും. പുലർച്ചെ 5.30ന് ആർദ്രാ ദർശനത്തിനു ശേഷമാണ് ആറാട്ട് നടക്കുക. രാവിലെ 11.30 ഓടെ ആരംഭിക്കുന്ന ആറാട്ട് ഉച്ചയ്ക്ക് ഒരു മണിവരെ നീളും. അത്തിമഠം നാരായണരു രാമരുവിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ആറാട്ട് നടക്കുക. ആറാട്ടിന് ശേഷം ക്ഷേത്രത്തിന് സമീപത്തും അകത്തും പുറത്തുമായി പറയെടുപ്പ് നടക്കും. ഇതിനുശേഷം ക്ഷേത്ര ചടങ്ങുകൾ നടക്കും. തുടർന്ന് വൈകിട്ട് അഞ്ചു മണിയോടെ കൊടിയിറക്കി ഉത്സവത്തിന് സമാപനം കുറിക്കും. ഇന്നലെ രാത്രി 11ന് ആരംഭിച്ച പള്ളിവേട്ട പുലർച്ചെ രണ്ട് മണിവരെ നീണ്ടു. തുടർന്ന് ക്ഷേത്രനട അടച്ചശേഷം ഇന്ന് പുലർച്ചെ നട തുറക്കുകയായിരുന്നു.