നെയ്യാറ്റിൻകര: സമാന്തര ട്രക്കർ-ടെമ്പോയുടെ കടന്നുകയറ്റത്തിനിടയിലും കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ഡിപ്പോയ്ക്ക് ചരിത്രനേട്ടം. ഡിപ്പോ ആരംഭിച്ചത് മുതൽ ഇതുവരെയുള്ള നാളുകളിലെ ഏറ്റവും മികച്ച കളക്ഷനാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച നേടിയത്. 13.81 ലക്ഷം രൂപയാണ് ഡിപ്പോയ്ക്ക് ലഭിച്ചത്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് അധികൃതർ പറയുന്നു. ബ്രേക്ക്ഡൗൺ രഹിതമെക്കാനിക്കൽ വിഭാഗവും മികച്ച രീതിയിലാണ് ഇവിടെ പ്രവർത്തിക്കുന്നത്. ജീവനക്കാർക്കുള്ള തുടർച്ചയായ കൗൺസിലിംഗ് നടത്തിവരുന്നതായി എ.ടി.ഒ. പള്ളിച്ചൽ സജീവ്, ഡിപ്പോ എൻജിനീയർ ഡി.സന്തോഷ്, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ടി.ഐ.സതീഷ്‌കുമാർ എന്നിവർ പറയുന്നു. നിലവിൽ 64 ഓർഡിനറി, ഏഴ് സൂപ്പർഫാസ്റ്റ്, 12 ഫാസ്റ്റ് സർവീസുകളാണ് ഡിപ്പോയിൽ ഉള്ളത്. 16,848 രൂപയാണ് ആറാം തീയതി ഓരോ ബസിന്റെയും ശരാശരി വരുമാനം. കോർപ്പറേഷൻ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യത്തിന്റെ 120.7% വർദ്ധനവാണ് ഡിപ്പോയ്ക്ക് ലഭിച്ചത്. മികച്ച കളക്ഷൻ ആർജിക്കാൻ സഹായിച്ച എല്ലാ ജീവനക്കാരെയും യൂണിറ്റ് ഓഫീസർ ടി.സജീവ് അഭിനന്ദിച്ചു. യാത്രക്കാർക്കായി ഡിപ്പോയിൽ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ കുടിവെള്ള വിതരണവും സ്ത്രീകൾക്ക് സൗജന്യ നാപ്കിൻ വെൻഡിങ് മെഷീനും ഡിപ്പോയിൽ പ്രവർത്തിച്ചുവരുന്നു.
യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി എല്ലാ റൂട്ടുകളിലേക്കും ഡിപ്പോയിൽനിന്ന് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നു. വ്യാഴാഴ്ച മുതൽ ധനുവച്ചപുരം വെള്ളറട ചെയിൻ സർവീസ് ഡിപ്പോയിൽനിന്നു കൂടുതൽ എണ്ണം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവിടത്തേക്കുള്ള സർവീസ് ഭാഗികമായി നിറുത്തി വച്ചിരുന്നതാണ്. ഓപ്പറേറ്റിങ് വിഭാഗം ജീവനക്കാരുടെ കുറവ് തുടരുമ്പോഴും ഡ്രൈവർ കണ്ടക്ടർ വിഭാഗം തൊഴിലാളികൾ അധിക ഡ്യൂട്ടികൾ ചെയ്താണ് കുറവു പരിഹരിക്കുന്നത്.
ബസ് സ്റ്റോപ്പുകളിൽ നിറുത്തുവാനും കണ്ടക്ടറുടെ സീറ്റ് വരെ യാത്രക്കാർക്ക് ഇരിക്കുവാൻ നൽകിയുമാണ് നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടർമാർ മറ്റ് ഡിപ്പോകളിൽ നിന്നും വ്യത്യസ്തരാകുന്നത്.
കാര്യമിതൊക്കെയാണെങ്കിലും യാത്രക്കാർക്ക് പരിമിതമായ സൗകര്യമേ മാനേജ്മെന്റ് ഏർപ്പെടുത്തിയിട്ടുള്ളുവെന്ന് ജീവനക്കാരും യാത്രക്കാരും ഒന്നു പോലെ പരാതിപ്പെടുന്നു. ഇരിക്കുവാൻ ശുചിത്വമുള്ള ഇരിപ്പിടങ്ങൾ കാട്ടാക്കട-വെള്ളറട ഭാഗത്തെ പഴയ കെട്ടിടത്തിൽ ഒരുക്കിയിട്ടില്ല. ഡിപ്പോ തുടങ്ങിയ കാലത്തുള്ള പൊട്ടിപ്പൊളിയാറായ കോൺക്രീറ്റ് ഇരിപ്പിടങ്ങളാണ് ഇപ്പോഴുമിവിടെയുള്ളത്.
വിദ്യാർത്ഥികളും ട്രാൻസ്പോർട്ട് ജീവനക്കാരും തമ്മിൽ വഴക്ക് പതിവായതോടെ സ്ഥിരമായി ഇവിടത്തെ പൊലീസ് എയ്ഡ് പോസ്റ്റിൽ പൊലീസിനെ നിയമിക്കണമെന്ന ഡിപ്പോ അധികൃതരുടെ ആവശ്യം ഇതേ വരെ പരിഗണിച്ചിട്ടില്ല.