ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിലെ തേമ്പാമുട്ടം - തുമ്പോട് റോഡ് തകർന്നിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും നവീകരണം മാത്രം എങ്ങുമെത്തിയിട്ടില്ല. തേമ്പാമുട്ടം വയൽക്കര മുതൽ തുമ്പോട് മൂർത്തീക്ഷേത്രം വരെയുള്ള ആരക്കിലോമീറ്റർ റോഡാണ് തകർന്ന് തരിപ്പണമായത്. റോഡിൽ വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ ഒരു വാഹനത്തിന് കടന്നുപോകാൻ കഴിയാത്ത അവസ്ഥയിൽ വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇടറോഡാണെങ്കിലും ബാലരാമപുരത്ത് ഗതാഗതകുരുക്ക് രൂക്ഷമാകുന്ന സാഹചര്യങ്ങളിൽ തേമ്പാമുട്ടം –തുമ്പോട് താന്നിവിള വഴിയാണ് തിരുവനന്തപുരം ഭാഗത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്നത്. ഇതുവഴിയുള്ള ബൈക്ക് യാത്ര വെല്ലുവിളിയായിമാറിയിരിക്കുകയാണ്. മഴക്കാലത്ത് സ്ഥിതി കൂടുതൽ സങ്കീർണമാകും.
റോഡിന്റെ നവീകരണത്തിന് 7 ലക്ഷം രൂപ അനുവദിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നവീകരണജോലികൾ ഇതുവരെയും ആരംഭിച്ചിട്ടില്ല. പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണറോഡുകളുടെ നവീകരണത്തിന് ഈ വർഷമാണ് കൂടുതൽ ഫണ്ട് അനുവദിച്ചത്. പഞ്ചായത്തിലെ രണ്ടാംവാർഡായ എരുത്താവൂർ തേമ്പാമുട്ടം പേഴൂർക്കോണം റോഡിനും പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടാറിംഗ് നടപടികൾ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.കെ. ബിന്ദു അറിയിച്ചു. വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് പൊട്ടിപ്പൊളിഞ്ഞ ഗ്രാമീണ റോഡുകൾ നവീകരിക്കാനുള്ള തത്രപ്പാടിലാണ് മെമ്പർമാരും.
നാല് വർഷമായി തകർന്ന് തരിപ്പണമായി കയ്യൊഴിഞ്ഞ റോഡുകൾക്ക് ഫണ്ട് അനുവദിച്ചത്. തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നാൽ വികസനപ്രവർത്തനങ്ങൾ പാടില്ലെന്ന നിയമം നിലനിൽക്കെ റോഡുകൾ അടിയന്തരമായി നവീകരിക്കാനാണ് നീക്കം. എന്നാൽ റോഡിന്റെ സുരക്ഷിതത്വത്തിന് വെല്ലുവിളിയാകുന്ന തരത്തിലുള്ള ടാറിംഗ് ജോലികൾ തടയുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.