ഉള്ളൂർ: രോഗ നിവാരണത്തിന് തികച്ചും വ്യത്യസ്തമായ ചികിത്സാരീതി അവലംബിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂക്ലിയാർ മെഡിസിൻ വിഭാഗം ആരംഭിച്ച് 22 വർഷം പൂർത്തിയായി. ഡോ. പി. രാമചന്ദ്രൻ നായരുടെ മേൽനോട്ടത്തിൽ ആരംഭിച്ച വിഭാഗത്തിൽ ഇതിനോടകം പതിനായിരങ്ങൾ ചികിത്സ തേടി എത്തി. തൈറോയ്ഡ് നീക്കം ചെയ്തശേഷം അർബുദ കലകളുടെ ശേഷിപ്പ് കണ്ടെത്തി ചികിത്സ നടത്തുന്നത് ന്യൂക്ലിയാർ മെഡിസിൻ വിഭാഗമാണ്. അർബുദ കോശങ്ങളെ ശരീരത്തിൽ നിന്നു നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള സങ്കീർണ ചികിത്സാ രീതിയാണ് ഈ വിഭാഗത്തെ വ്യത്യസ്തമാക്കുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സ നടത്തുന്നതിന് വെവ്വേറെ അളവിലാണ് മരുന്നു നൽകുന്നത്. തുടർന്ന് രോഗിയുടെ ശരീരത്തിൽ നിന്നു റേഡിയേഷൻ പുറത്തേക്ക് വ്യാപിക്കാൻ സാദ്ധ്യതയുള്ളതിനാൽ പ്രത്യേകം തയ്യാറാക്കിയ മുറിയിൽ കിടത്തിയാണ് ചികിത്സ.
ന്യൂക്ലിയർ മെഡിസിൻ സ്കാൻ (ഐസോടോപ്പ് സ്കാൻ) വഴി ശരീരത്തിലെ എല്ലാ ആന്തരിക അവയവങ്ങളുടെയും പ്രവർത്തനക്ഷമത വിലയിരുത്താൻ കഴിയും.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിലവിൽ സ്പെക്ട്, പെറ്റ് സ്കാനറൂകളോ കിടത്തി ചികിത്സാ സൗകര്യങ്ങളോ ഇല്ലെങ്കിലും രോഗനിർണയവും പരിമിതമായ ചികിത്സയും നടത്തി വരുന്നു. ന്യൂക്ലിയാർ മെഡിസിൻ ഒരു പ്രധാന ചികിത്സാ ശാഖയായി വളർന്നു വരുന്നതിനാൽ ചികിത്സാ സംവിധാനങ്ങൾ എത്രയും വേഗം ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചു വരുന്നു. ഡോ. ജേക്കബ് സ്റ്റീഫൻസണിന്റെ നേതൃത്വത്തിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് ന്യൂക്ലിയാർ മെഡിസിൻ ഒ.പി പ്രവർത്തിക്കുന്നത്.
ചികിത്സ ഫലപ്രദം
തൈറോയ്ഡ് കാൻസർ, ലിംഫോമ, ലുക്കീമിയ, പോളിസൈത്തീമിയ, ന്യൂറോ എൻഡോക്രൈൻ ട്യൂമർ, അസ്ഥിയിലെ കാൻസർ തുടങ്ങി പതിനഞ്ചോളം കാൻസറുകൾക്ക് ന്യൂക്ലിയർ മെഡിസിൻ ചികിത്സ നടത്തി വരുന്നു. രോഗിക്ക് മരുന്നു കൊടുത്ത് രക്തചംക്രമണം വഴി ഉദ്ദേശിക്കുന്ന അവയവങ്ങളിൽ എത്തുന്നത് കൃത്യമായി അറിയാൻ സ്കാൻ ചെയ്യേണ്ടതുണ്ട്. ചെറിയ അളവിൽ മരുന്നു കൊടുത്ത് സ്കാൻ ചെയ്യുകയും ഉദ്ദേശിക്കുന്ന ശരീര ഭാഗത്ത് മരുന്ന് പ്രവർത്തിക്കുന്നുണ്ടോയെന്ന് കണ്ടെത്തുകയും ചെയ്താൽ ചികിത്സയ്ക്ക് വേണ്ടത്ര അളവിൽ മരുന്ന് നൽകിത്തുടങ്ങും.
ഇതുവരെ ചികിത്സ തേടിയെത്തിയത് 10000ൽ അധികം രോഗികൾ