a-k-balan

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചരിത്രപരമായ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു മണ്ണന്തല കരുണാകരനെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. മണ്ണന്തല കരുണാകരന്റെ ആറാം ചരമവാർഷികം പേട്ടയിൽ അദ്ദേഹത്തിന്റെ വസതിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏത് കാര്യവും വിശ്വസിച്ച് ഏല്പിക്കാൻ കഴിയുന്ന ഒരാളായിരുന്നു കരുണാകരനെന്നും നായനാർ അടക്കമുള്ള നേതാക്കളെ ഈ വീട്ടിൽ ഒളിപ്പിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു. നെയ്യാറ്റിൻകര ഗവ. ഹയർ സെക്കൻ‌ഡറി സ്കൂളിൽ നിന്ന് എല്ലാവിഷയങ്ങൾക്കും എ പ്ളസ് വാങ്ങിയ സയനരാജിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മണ്ണന്തല കരുണാകരൻ എൻഡോവ്മെന്റ് സമ്മാനിച്ചു. ഡോ. നന്ദിയോട് രാമചന്ദ്രൻ രചിച്ച 'സ്വാതന്ത്ര്യ സമരപഥത്തിലെ തീപ്പന്തം മണ്ണന്തല കരുണാകരന്റെ പൈതൃകം തേടി' എന്ന ജീവചരിത്രം ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മേയർ കെ. ശ്രീകുമാറിന് നൽകി മന്ത്രി പ്രകാശനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാർ,​ ജില്ലാ സെക്രട്ടേറിയറ്റംഗം സി. അജയകുമാർ,​ ട്രിഡ ചെയർമാൻ സി. ജയൻ ബാബു,​ പേട്ട കൗൺസിലർ ഡി. അനിൽകുമാർ,​ ജില്ലാകമ്മിറ്റി അംഗം പട്ടം പി. വാമദേവൻ നായർ,​ എസ്. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. സി.പി.എം വഞ്ചിയൂർ ഏരിയാ സെക്രട്ടറി സി. ലെനിൻ സ്വാഗതവും ഡോ. നന്ദിയോട് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.