തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കൾ സ്വകാര്യ വ്യക്തികൾക്ക് മറിച്ച് നൽകാൻ നീക്കം. തിരുവനന്തപുരത്ത് പേരൂർക്കടയിലെയും അരുവിക്കരയിലെയും കൊല്ലത്ത് ശാസ്താംകോട്ടയിലെയും സ്ഥലങ്ങളാണ് പാട്ടത്തിനെന്ന പേരിൽ സ്വകാര്യവക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകുന്നത്. കെ.എസ്.ആർ.ടി.സിയെപ്പോലെ നഷ്ടത്തിലോടിക്കൊണ്ടിരിക്കുന്ന വാട്ടർ അതാേറിട്ടിയെ വീണ്ടും ശ്വാസം മുട്ടിക്കുന്നതാണ് പുതിയ നീക്കമെന്ന് ആക്ഷപമുണ്ട്.
അരുവിക്കരയിൽ നിന്ന് നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈൻ കടന്നു പോകുന്ന പേരൂർക്കടയിലെ വിന്നേഴ്സ് നഗറിലെ ഏക്കറുകണക്കിന് വസ്തുവാണ് ഒരു ഏജൻസിക്ക് നൽകുന്നത്. കൃഷി ചെയ്യാനായി നൽകുന്നുവെന്നാണ് ഇവരുമായുണ്ടാക്കിയ കരാറിൽ പറയുന്നത്. മൂന്ന് വർഷത്തേക്കാണ് കരാർ.വാട്ടർ അതോറിട്ടി മുമ്പ് ഇതുപോലെ നൽകിയ വസ്തുക്കളൊന്നും തിരിച്ചുകിട്ടിയിട്ടില്ല. വെള്ളയമ്പലത്ത് പെട്രോൾ പമ്പ് സ്ഥാപിക്കാൻ നൽകിയ വസ്തു തിരിച്ചെടുക്കാൻ വാട്ടർ അതോറിട്ടിക്കായില്ല. അരുവിക്കരയിലും ഇതുപോലെ വസ്തു കൈക്കലാക്കി.
ശാസ്താംകോട്ടയിലെ വാട്ടർ അതോറിട്ടിയുടെ സ്ഥലം സിവിൽ സ്റ്റേഷൻ നിർമ്മിക്കാനായി വിട്ടുകൊടുക്കാനുള്ള നീക്കവും ശക്തമായി നടക്കുകയാണ്. വാട്ടർ അതോറിട്ടിയുടെ കൈവശമുണ്ടായിരുന്ന ഏക്കറുകണക്കിന് ഭൂമി ഇപ്പോൾ അന്യകൈവശമാണ്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഭൂമി നഷ്ടപ്പെട്ടിട്ടുണ്ട്. പേരൂർക്കടയിൽ ഭൂമി വിട്ടു നൽകുന്നതിന് കൃഷിഭവന്റെ ശുപാർശയുമുണ്ട്.പാട്ടത്തിനെന്ന പേരിൽ ഭൂമി എടുത്തിട്ട് പാട്ടക്കാലാവധി കഴിഞ്ഞാലും തിരിച്ചെടുക്കാത്തതിന് പിന്നിൽ ചില ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നെന്നും ആരോപണമുണ്ട്. കാലാകാലങ്ങളിൽ ഭരണത്തിലിരിക്കുന്നവരെയും ഉദ്യോഗസ്ഥരെയും സ്വാധീനിച്ചാണ് വസ്തു കൈക്കലാക്കുന്നത്.
പണ്ട് ജലസേചന വകുപ്പിൻെറ കീഴിലായിരുന്ന വാട്ടർ അതോറിട്ടിയെ പ്രത്യേക വിഭാഗമാക്കി മാറ്റിയതിനുശേഷമാണ് വസ്തു ഇടപാട് സജീവമായതെന്നാണ് പറയപ്പെടുന്നത്.അരുവിക്കരയിൽ നിന്ന് പേരൂർക്കടയിലേക്ക് കുടിവെള്ള മെത്തിക്കുന്ന വലിയ പൈപ്പുകൾ സ്ഥാപിച്ചിരിക്കുന്നത് പാട്ടത്തിന് നൽകാൻ പോകുന്ന ഈ വസ്തുവിൽകൂടിയാണ്. ഇവിടെ കൃഷി ചെയ്യുന്നതോടെ അത് കുടിവെള്ള വിതരണത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്.