n

കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിൽ മിക്കറോഡുകളുടെയും ഇരുവശങ്ങളിൽ പ്ളാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുന്നുകൂടി കിടന്നിട്ടും പഞ്ചായത്ത് അധികൃതർക്ക് കുലുക്കമില്ല.

മാലിന്യം കഴിക്കാൻ വരുന്ന തെരുവ് നായ്ക്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. മീരാൻകടവ് പഴയ പാലത്തിൽ വാഹന ഗതാഗതം ഇല്ലാത്തതിനാൽ ഇവിടം മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറികൊണ്ടിരിക്കുന്നു.

പ്ളാസ്റ്റിക് സംസ്കരിക്കുന്നതിനുള്ള ഇൻസിനേറ്റർ സ്വന്തമായുള്ള പഞ്ചായത്താണ് കടയ്ക്കാവൂർ പഞ്ചായത്ത്. മൂന്നു വർഷത്തിലേറെയായി ഇൻസിനേറ്റർ വാങ്ങിയിട്ട്.. ലക്ഷങ്ങൾ വിലവരുന്ന ഇൻസിനേറ്റർ കുടംബശ്രീ ഓഫീസിന്റെ ഒരു മൂലയിൽ കാഴചവസ്തുവായിരിക്കുകയാണ്. മറ്റ് പഞ്ചായത്തുകളിലെ പാേലെ ഹരിത കർമ്മസേന കടയ്ക്കാവൂർ പഞ്ചായത്തിലും രൂപീകരിച്ചതായി അറിയുന്നു. വീട് ഒന്നിന് നാൽപത് രൂപയും സ്ഥാപനങ്ങളിൽ നിന്ന് നൂറ് രൂപയുമാണ് പ്ളാസ്റ്റിക് ശേഖരിക്കുന്നതിനുളള ഫീസായി മറ്റ് പഞ്ചായത്തുകൾ ഇൗടാക്കുന്നത്. എന്നാൽ കടയ്ക്കാവൂർ പഞ്ചായത്തിൽ ഹരിതകർമ്മസേനയുടെ ഒരു പ്രവർത്തനവും നടക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി. സർക്കാർ പ്ളാസ്റ്റിക് പൂർണമായും ഒഴിവാക്കുന്നതിനുള്ള ശ്രമം നടക്കുമ്പോൾ കടയ്ക്കാവൂർ പഞ്ചായത്ത് അധികൃതർ ഇതൊന്നും അറിഞ്ഞഭാവം പാേലുമില്ല. മാലിന്യങ്ങൾ കുമിഞ്ഞുകൂടി സാംക്രമിക രോഗങ്ങൾ പരക്കുന്നതിനു മുന്നേ അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.