editorial-

കേന്ദ്ര സർക്കാരിന്റെ ചില നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ ബുധനാഴ്ച നടത്തിയ തൊഴിലാളി പണിമുടക്ക് കേരളത്തിൽ മാത്രമാണ് ഹർത്താൽ സ്വഭാവം കൈവരിച്ചത്. രാജ്യത്ത് എവിടെ എന്ത് പ്രശ്നമുണ്ടായാലും ആദ്യം തെരുവിലിറങ്ങുന്നത് ഇവിടെ ഉള്ളവരായത് പൊതുകാര്യങ്ങളിലുള്ള അമിതോത്സാഹം കാരണമെന്ന് സമാധാനിക്കാം. എന്നാൽ തൊഴിലാളികളുടെ പേരിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ കേരളം ഏതാണ്ട് പൂർണമായും നിശ്ചലമാകണമെങ്കിൽ അതിന് പിന്നിലെ മനോഭാവം ആഴത്തിൽ പഠിച്ച് വിലയിരുത്തേണ്ട സമയമായി. പണിയുള്ളവർക്ക് ഏത് സമയവും പണിമുടക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ സമസ്ത മേഖലകളെയും പണിമുടക്കിന്റെ പേരിൽ നിശ്ചലമാക്കുന്ന പ്രവണത ഇക്കാലത്ത് അംഗീകരിക്കാൻ വിഷമമാണ്.

പൗരസ്വാതന്ത്ര്യത്തിന്റെ പവിത്രതയെക്കുറിച്ച് വാതോരാതെ വർത്തമാനം പറയുന്നവർതന്നെ പണിമുടക്കുദിവസം സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യംപോലും തടഞ്ഞുകൊണ്ട് നിരത്തുകൾ കൈയടക്കുന്നതിലെ വൈരുദ്ധ്യം കാണാതെ പോകരുത്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ പണിമുടക്ക് ദിനത്തിലും സാധാരണ പോലെയായിരുന്നു ജനജീവിതം. ഒരുപണിയും നടക്കാതിരുന്നത് കേരളത്തിൽ മാത്രം. ഇത് മലയാളികളുടെ പ്രബുദ്ധതയായി അവകാശപ്പെടാൻ ആളുണ്ടാകും. എന്നാൽ സംഘടിതശക്തികൾ നിസ്സഹായരായ അസംഘടിത ജനവിഭാഗത്തിനുമേൽ അടിച്ചേല്പിക്കുന്ന അപരിഷ്കൃതമായ ഒരു സമരമുറയല്ലേ ഇതെന്ന് ബന്ധപ്പെട്ടവർ ഗൗരവമായി ആലോചിക്കണം. പൊതുപണിമുടക്കിനാധാരമായി സംഘടനകൾ മുന്നോട്ടുവച്ച കാരണങ്ങൾ ന്യായമായവതന്നെയാണ്. നൂറുശതമാനവും യോജിപ്പുമുണ്ട്. കേന്ദ്ര തൊഴിൽ നയങ്ങളടക്കമുള്ളവ തിരുത്തപ്പെടാൻ ഇത്തരം പണിമുടക്കുകൾ എത്രമാത്രം സഹായകമായിട്ടുണ്ടെന്ന് പരിശോധിക്കുമ്പോഴാണ് വ്യർത്ഥത ബോദ്ധ്യമാവുക. പൊതുപണിമുടക്ക് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും അതാത് മേഖലകളിൽ മാത്രം ഒതുങ്ങുമ്പോൾ കേരളത്തിൽ മാത്രമാണ് സമസ്ത മേഖലകളെയും നിശ്ചലമാക്കുന്നത്. പണിമുടക്കാനുള്ള അവകാശം പോലെ പണിയെടുക്കാനുള്ള പൗരന്റെ അവകാശവും മാനിക്കുമ്പോഴാണ് ജനാധിപത്യം അർത്ഥപൂർണമാകുന്നത്.

കാലം മാറിയതനുസരിച്ച് പ്രക്ഷോഭരീതികളിലും മാറ്റം ഉണ്ടാകേണ്ടതാണ്. ആളില്ലാസംഘടനകൾക്കുപോലും വെറുമൊരു പത്ര പ്രസ്താവനയുടെ ബലത്തിൽ സമ്പൂർണ ഹർത്താൽ സംഘടിപ്പിക്കാവുന്ന സ്ഥിതിവിശേഷമാണിവിടെ നിലനിൽക്കുന്നത്. ബന്തും ഹർത്താലുമൊക്കെ നിരോധിച്ചശേഷവും നിർബാധം ഇവിടെ അവ മറ്റുരൂപത്തിൽ നടന്നുവരികയാണ്. ബുധനാഴ്ചത്തെ ദേശീയ പണിമുടക്ക് കേരളത്തിന് വരുത്തിവച്ച ഉത്‌പാദന നഷ്ടത്തിന്റെ കണക്ക് പുറത്തുവന്നിട്ടുണ്ട്. ചുരുങ്ങിയതു രണ്ടായിരം കോടി രൂപയെങ്കിലും ഇൗ ഒറ്റദിവസത്തെ പണിമുടക്കിൽ സംസ്ഥാനത്തിന് നഷ്ടമുണ്ടായെന്നാണ് കണക്ക്. സർക്കാരിനുണ്ടായ നികുതിനഷ്ടം മാത്രം ഇരുനൂറോളം കോടിരൂപ. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സംസ്ഥാനം നട്ടംതിരിയുന്നതിനിടയിലാണ് സമ്പദ് വ്യവസ്ഥയുടെ തലമണ്ടയ്ക്കു നേരെയുള്ള ഇൗ പ്രഹരം. ശമ്പളം കൊടുക്കാൻപോലും നിവൃത്തിയില്ലാതെ ക്ളേശിക്കുന്ന കെ.എസ്.ആർ.ടി.സിക്കുമുണ്ടായി ഏഴുകോടിയോളം രൂപയുടെ വരുമാനനഷ്ടം. രാപകലിരുന്നു കച്ചവടം ചെയ്താൽപ്പോലും അന്നത്തെ അഷ്ടിക്ക് തികയാത്ത വരുമാനം ലഭിക്കുന്ന പെട്ടിക്കടപോലും തുറക്കാൻ സമരാനുകൂലികൾ സമ്മതിച്ചില്ല. ട്രെയിനുകളിൽ സംസ്ഥാനത്തെത്തിയ യാത്രക്കാർ വാഹനങ്ങൾ ലഭിക്കാതെ നട്ടംതിരിയേണ്ടിവന്നു. ഏത് സമരത്തിലും തുറക്കാറുള്ള മരുന്നുകടകൾ പോലും അടഞ്ഞുകിടന്നതു മൂലം അത്യാവശ്യക്കാർ അനുഭവിക്കേണ്ടിവന്ന പ്രയാസം ചില്ലറയൊന്നുമല്ല. ഏത് പണിമുടക്കും ആഘോഷമാക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ബാങ്ക് ജീവനക്കാർക്കും പ്രത്യേകിച്ചു വരുമാന നഷ്ടമൊന്നുമുണ്ടാവുകയില്ലെങ്കിലും കൂലിപ്പണിയെടുത്ത് കുടുംബത്തെ പോറ്റുന്ന പതിനായിരങ്ങളെ സംബന്ധിച്ചിടത്തോളം ഏത് പണിമുടക്കുദിനവും ദുർദ്ദിനം തന്നെയാണ്.

എല്ലാ മേഖലകളുടെയും ദ്രുതഗതിയിലുള്ള വികസനം ലക്ഷ്യമിട്ട് സർക്കാർ പുതിയ പുതിയ പദ്ധതികൾ ആവിഷ്കരിച്ചുകൊണ്ടിരിക്കുമ്പോൾ അതിന് തടസം സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള സമരമുറകൾക്ക് നിയന്ത്രണം വേണമെന്ന് സംഘടനാ നേതാക്കൾ സ്വയം മനസിലാക്കേണ്ട കാലമായി. കുറഞ്ഞപക്ഷം പൊതുജനങ്ങളുടെ നിത്യജീവിതം തടസപ്പെടാത്ത രീതിയിൽ പണിമുടക്ക് സംഘടിപ്പിക്കാനുള്ള ഒൗചിത്യമെങ്കിലും കാണിക്കണം. കേരളത്തിൽ എന്നും പണിമുടക്കും തൊഴിൽ സ്തംഭനവുമാണെന്ന മട്ടിലുള്ള പ്രചാരണം പണ്ടേ തന്നെയുള്ളതാണ്. ലോകത്തൊട്ടാകെ ധാരാളം മാറ്റങ്ങൾ വന്നിട്ടും ഇവിടെ എല്ലാം പഴയപടി എന്ന രീതി സംസ്ഥാനത്തിന്റെ വികസന ഭാവിക്കുതന്നെ നിരക്കാത്തതാണ്. പണിമുടക്ക് ദിവസം ആലപ്പുഴയിൽ സംസ്ഥാന അതിഥിയായി എത്തിയ നൊബേൽ ജേതാവ് മൈക്കൽ ലെവിറ്റിനും പത്‌നിക്കുമുണ്ടായ ദുരനുഭവം സംസ്ഥാനത്തിനുമൊത്തം നാണക്കേടാണ്. വിനോദസഞ്ചാര മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന വകുപ്പുമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ലെവിറ്റി ദമ്പതികളെ കെട്ടുവള്ളത്തിൽ രണ്ടുമണിക്കൂറിലേറെ വേമ്പനാട്ടുകായലിൽ തടഞ്ഞുവച്ചത്. കേരളത്തെ പാടേ നിശ്ചലമാക്കിയ പൊതുപണിമുടക്കിന്റെ പിറ്റേദിവസംതന്നെ കൊച്ചിയിൽ നിക്ഷേപസംഗമം സംഘടിപ്പിക്കുന്നതിലെ പൊരുത്തക്കേടും കാണാതെ പോകരുത്.

ഹർത്താൽ പണിമുടക്ക് തുടങ്ങിയ സമരമുറകളുമായി ബന്ധപ്പെട്ട ചിന്തകളിലും സമീപനങ്ങളിലും വരുത്തേണ്ട കാതലായ മാറ്റത്തെക്കുറിച്ച് രാഷ്ട്രീയ നേതൃത്വങ്ങൾ ചിന്തിച്ചുതുടങ്ങണം. ജനജീവിതത്തെ ഇതുപോലെ സ്തംഭിപ്പിക്കുന്ന സമരരീതികൾ രാജ്യത്ത് മറ്റൊരിടത്തുമില്ലെന്ന് മനസിലാക്കണം. ഏത് പ്രശ്നത്തിലും ജനങ്ങളെ ഒന്നടങ്കം ഉൾപ്പെടുത്തിയേ സമരം നടത്തൂ എന്ന ശാഠ്യം ഭാവിയിൽ തിരിച്ചടിയായികൂടെന്നില്ല.

ജനങ്ങളോട് ഉത്തരവാദിത്വവും പ്രതിബദ്ധതയും പുലർത്തേണ്ട സംഘടനകൾ അവരെ ബന്ദികളാക്കുന്ന സമരരീതികൾ സ്വീകരിക്കാൻ പാടില്ല.