കിളിമാനൂർ: ഭിന്നശേഷി കുട്ടികൾക്കായി ആധുനിക സൗകര്യങ്ങളോടുകൂടിയ ബഡ്സ് സ്കൂൾ ഒരുങ്ങുന്നു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ തട്ടത്തുമലയിലാണ് സ്കൂൾ ആരംഭിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിൽ വീർപ്പുമുട്ടി കഴിഞ്ഞിരുന്ന പഴയ സ്കൂൾ പൊളിച്ചാണ് ആധുനിക സൗകര്യങ്ങളോടെ സ്കൂൾ ആരംഭിക്കുന്നത്. ഓട്ടിസം, ബുദ്ധി മാന്ദ്യം എന്നിവ സംഭവിച്ച കുട്ടികളെ തനിച്ചാക്കി രക്ഷിതാക്കൾക്ക് വിവിധ ആവശ്യങ്ങൾക്കായി പുറത്തു പോകാൻ പലപ്പോഴും ഭയമായിരുന്നു. മാത്രവുമല്ല നിർദ്ധനരായ കൂലിപ്പണി ചെയ്ത് ജീവിക്കുന്ന രക്ഷിതാക്കൾക്ക് അസുഖബാധിതരായ കുട്ടികളെ തനിച്ചാക്കി ജോലിക്ക് പോകാനോ അവർക്ക് വേണ്ട പരിചരണം നൽകാനോ കഴിയാത്ത അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം എന്നോണമാണ് ഇവിടെ മാത്യകാ ബഡ്സ് സ്കൂൾ യാഥാർത്ഥ്യമാകുന്നത്. പകൽ സമയങ്ങളിൽ രക്ഷിതാക്കൾക്ക് അവരുടെ തൊഴിലുകൾക്കും മറ്റ് ആവശ്യങ്ങൾക്കും പുറത്ത് പോകുമ്പോൾ കുട്ടികളെ ഇവിടെ ആക്കാം. ഒരു പകൽ വീട് പോലെയും ഒരു വിദ്യാലയം പോലെയും ഇത് പ്രവർത്തിക്കും.