തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിനൊപ്പം നിലയുറപ്പിച്ചിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇനി സ്വന്തം നിലപാട് എടുത്തേക്കും. ഇന്ന് ചേരുന്ന ബോർഡ് യോഗം ഇക്കാര്യം ചർച്ച ചെയ്യും.
യുവതീ പ്രവേശനത്തിൽ ഭക്തരുടെ പ്രതിഷേധം ശക്തമായതാണ് ബോർഡിനെ മനംമാറ്റത്തിന് പ്രേരിപ്പിക്കുന്നത്. മാത്രമല്ല, ശബരിമല വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാബെഞ്ച് തിങ്കളാഴ്ച പരിഗണിക്കുന്ന സാഹചര്യത്തിൽ ബോർഡിനും ഇക്കാര്യത്തിൽ നിലപാട് അറിയിക്കേണ്ടി വരുമെന്നാണ് സൂചന.
എൻ.വാസു പ്രസിഡന്റായ പുതിയ ഭരണസമിതി നിലവിൽ വന്ന ശേഷം ആദ്യമായാണ് ശബരിമല വിഷയത്തിലുള്ള കോടതി വിധിയെപ്പറ്റി ദേവസ്വം ബോർഡ് ചർച്ച ചെയ്യുന്നത്.
യുവതി പ്രവേശനത്തിൽ സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കും മുമ്പ് ഹിന്ദുമത ആചാര്യന്മാരുടെ അഭിപ്രായം കണക്കിലെടുക്കണമെന്നതാണ് സർക്കാർ നിലപാടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവർത്തിക്കുന്നു. ഈ വിഷയത്തിൽ സർക്കാർ നേരത്തേ സ്വീകരിച്ച നിലപാട് തന്നെയാണ് ഇതെന്ന് പറയുമ്പോഴും, യുവതികളെ പ്രവേശിപ്പിക്കണമെന്ന് ഉറപ്പിച്ചു പറയാൻ തയ്യാറായിട്ടില്ല. ആചാരങ്ങൾ സംരക്ഷിക്കണമെന്ന അഭിപ്രായം കൂടി പരിഗണിച്ചാവും ദേവസ്വം ബോർഡും
പുതിയ നിലപാടെടുക്കുക. ഫലത്തിൽ, യുവതീ പ്രവേശനത്തിൽ നേരത്തേ ഉറച്ച നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഇതിൽ നിന്നു പിന്നോട്ട് പോകുന്നതായാണ് സൂചന.
'ആചാരപരവും നിയമപരവുമായ കാര്യങ്ങൾ കൂടി ചർച്ച ചെയ്താവും ഇക്കാര്യത്തിൽ ബോർഡ് തീരുമാനത്തിലെത്തുക.
ഭക്തരുടെ താത്പര്യങ്ങളും പരിഗണിക്കും.'
-എൻ.വാസു,
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
'ശബരിമലയിലെ ആചാരവിഷയങ്ങളിൽ ഹിന്ദു പണ്ഡിതരുടെ അഭിപ്രായം തേടണമെന്ന് 2007ൽ പറഞ്ഞതിൽ സർക്കാർ ഉറച്ച് നിൽക്കുന്നു . ദേവസ്വം ബോർഡാണ് പുനഃപരിശോധന ഹർജിയിൽ പുതിയ നിലപാട് സ്വീകരിക്കേണ്ടത്. ബോർഡിന്റെ തീരുമാനത്തിൽ സർക്കാർ കൈകടത്തില്ല.'
-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ദേവസ്വം ബോർഡ്
സുപ്രീം കോടതിയിൽ
2018 സെപ്തംബർ
നൈഷ്ഠിക ബ്രഹ്മചാരിയായ പ്രതിഷ്ഠയുടെ പരിശുദ്ധി സൂക്ഷിക്കാനാണ് പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ലിംഗ വിവേചനമില്ല.
- മനു അഭിഷേക് സിംഗ്‌വി (ബോർഡിന്റെ അഭിഭാഷകൻ)
2019 ഫെബ്രുവരി : (പുനഃപരിശോധനാ ഹർജി പരിഗണിച്ചപ്പോൾ)
പ്രായഭേദമെന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധി അംഗീകരിക്കുന്നു. സ്ത്രീകളോടുള്ള വിവേചനം പാടില്ല. എല്ലാവർക്കും ആരാധനാ സ്വാതന്ത്രമുണ്ടെന്ന സംസ്ഥാന സർക്കാർ നിലപാടിനെ പിന്തുണയ്ക്കുന്നു.
- രാകേഷ് ദ്വിവേദി (ബോർഡിന്റെ അഭിഭാഷകൻ).