kerala-financial-crisis

തിരുവനന്തപുരം:അവസാന പാദത്തിലെ വായ്പാ പരിധി കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചതോടെ കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. വീണ്ടും കടുത്ത ട്രഷറിനിയന്ത്രണം വേണ്ടിവരും. നിത്യനിദാന ചെലവിന് പോലും ബുദ്ധിമുട്ടും. പ്രതിസന്ധി നേരിടാൻ ചിലവു ചുരുക്കാൻ സർക്കാർ നിർബന്ധിതമാകും.

അവസാന പാദത്തിൽ 4,900 കോടിരൂപ വായ്പയെടുക്കാൻ കേരളത്തിന് കഴിയുമായിരുന്നു. എന്നാൽ കാരണം വ്യക്തമാക്കാതെ കേന്ദ്രം ഇത് 1,920 കോടിയായി വെട്ടിക്കുറച്ചതായി ധനമന്ത്രി ഡോ.തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നു ശതമാനമായ 24,915 കോടി രൂപയായിരുന്നു കേരളത്തിന് ഒരു വർഷത്തേക്കുള്ള വായ്പാ പരിധി. ട്രഷറി നിക്ഷേപത്തിൽ ബഡ്‌ജറ്രിൽ സൂചിപ്പിച്ചതിനെക്കാൾ തുകയുണ്ടെന്ന് ചൂണ്ടിക്കാട്ടി വായ്പാപരിധി കേന്ദ്രം നേരത്തെ വെട്ടിക്കുറച്ചിരുന്നു. ആ തുക പോലും വായ്പയെടുക്കാൻ അനുവാദമില്ല. ഒരു കേന്ദ്രസർക്കാരും കൈക്കൊള്ളാത്ത ഈ നടപടി കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്ന് തോമസ് ഐസക് കുറ്രപ്പെടുത്തി.

കേന്ദ്രത്തിന്റെ അവഗണന

ജി.എസ്. ടി നഷ്ടപരിഹാര കുടിശിക കേന്ദ്രം തരുന്നില്ല.

അന്തർ സംസ്ഥാന ജി.എസ്.ടി വിഹിതം തന്നിട്ടില്ല.

പ്രളയ ദുരിതാശ്വാസത്തിന് ദേശീയ ദുരന്ത നിവാരണ ഫണ്ടിലെ പണം അനുവദിച്ചിട്ടില്ല.

 2109 കോടി ചോദിച്ച കേരളത്തിന് മറുപടി പോലും ലഭിച്ചില്ല.

കേരളത്തിന്റെ ദുരന്ത നിവാരണ ഫണ്ടിൽ പണം ഉള്ളതിനാലാണത്രേ പണം അനുവദിക്കാത്തത്.

ഈ തുക പുനർനിർമ്മാണങ്ങൾക്ക് നൽകാനുള്ളതാണ്.

ധനകാര്യ കമ്മിഷൻ ശുപാർശയിലെ കേന്ദ്രനികുതി വിഹിതവും കുറയും.

തരുന്ന പണം വളരെ വൈകിയാണ് കിട്ടുന്നത്.

കടുത്ത പ്രതിസന്ധി: തോമസ് ഐസക്ക്

വരവ് കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയാണ്. കരാറുകാർക്കുള്ള പണം പത്താം തീയതിക്ക് ശേഷം നൽകാമെന്ന് ഏറ്രെങ്കിലും മൂന്നാമത്തെ വാരത്തിലേ നൽകൂ. പദ്ധതികൾ 30 ശതമാനം വെട്ടിക്കുറച്ചു. വീണ്ടും വെട്ടിക്കുറയ്‌ക്കേണ്ടിവരും. ക്ഷേമ പെൻഷനുകൾ, വിദ്യാർത്ഥികളുടെ സ്കോളർഷിപ്പുകൾ, കൃഷിക്കാരുടെ സബ്സിഡി, മരുന്നിനുള്ള ചെലവ് എന്നിവയെ ബാധിക്കാത്ത ക്രമീകരണങ്ങൾ ഉണ്ടാക്കും.

 പിന്നിൽ രാഷ്ട്രീയം

കേന്ദ്രത്തിന്റെ വരുമാനം കുറഞ്ഞെങ്കിലും കേരളത്തോടുള്ള സമീപനത്തിൽ രാഷ്ട്രീയമുണ്ട്. വായ്പാ പരിധി കുറച്ചതുൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും. 18 ന് ജി.എസ്. ടി യോഗത്തിന് പോകുമ്പോൾ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനെ കാണും. കേന്ദ്രത്തിന് ഉടൻ കത്തയയ്ക്കും. ജി.എസ്. ടി കുടിശിക കിട്ടാൻ മറ്ര് സംസ്ഥാനങ്ങൾക്കൊപ്പം സുപ്രീംകോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. അതിന് മുമ്പ് ജി.എസ് ടി തർക്ക പരിഹാര വേദിയിൽ പ്രശ്നം ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇതെല്ലാം മുടങ്ങും

കരാറുകാർക്കും നിർമ്മാണ പ്രവൃത്തികൾ ചെയ്ത അക്രഡിറ്രഡ് ഏജൻസികൾക്കുള്ള തുക

 അടുത്ത മാസം ദൈനം ദിന ചെലവുകളെ ബാധിക്കും.

ശമ്പളവും പെൻഷനും മാനേജ് ചെയ്യുന്നത് ഈ മാസം മൂന്നാംവാരമാണ്.

അടുത്ത മാസത്തെ ശമ്പളം മുടങ്ങുമോ എന്ന് പറയാനാവില്ല.

വായ്പയുടെ മുതലും പലിശയുമായി 4615 കോടി കേന്ദ്രത്തിന് നൽകണം.