തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നെഹ്റു സെന്ററിന്റെ ആഭിമുഖ്യത്തിൽ ചെയർമാൻ എം.എം. ഹസൻ രാജ്ഭവന് മുന്നിൽ നടത്തുന്ന 24 മണിക്കൂർ ഉപവാസം ഇന്നവസാനിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന സമാപന സമ്മേളനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുക്കും. ഇന്നലെ രാവിലെ ആരംഭിച്ച ഉപവാസത്തിന് മുതിർന്ന നേതാവും കോൺഗ്രസ് പ്രവർത്തകസമിതി അംഗവുമായ എ.കെ. ആന്റണി ആശംസ അറിയിച്ചു. രാജ്യം ഇന്ന് ധർമ്മസമരത്തിലാണെന്നും ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ മതേതര ശക്തികളുടെ പിന്തുണ ഉണ്ടാകണമെന്നും ആന്റണി പറഞ്ഞു. ഫാസിസ്റ്റുകളായ മോദിയും ഷായും നമ്മുടെ പൈതൃകത്തെയും മതേതര മൂല്യങ്ങളെയും തകർക്കുകയാണ്. ഇതിനെ ചെറുത്തു തോല്പിക്കാൻ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും ആന്റണി ആഹ്വാനം ചെയ്തു.

'നാനാത്വത്തിൽ ഏകത്വം" എന്ന ആശയവുമായി പ്രമുഖ ചിത്രകാരൻ കാട്ടൂർ നാരായണപിള്ളയുടെ ചിത്രരചനയും സമരപ്പന്തലിന് മുന്നിൽ നടന്നു. മുൻ സ്‌പീക്കറും സി.പി.എം നേതാവുമായ എം. വിജയകുമാറടക്കം നിരവധി പ്രമുഖർ സമരപ്പന്തലിലെത്തി. തെന്നല ബാലകൃഷ്ണപിള്ള, എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ.എമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്. ശിവകുമാർ, എം. വിൻസന്റ്, ഷാനിമോൾ ഉസ്മാൻ, കെ.എസ്. ശബരീനാഥൻ, മുൻ ഡെപ്യൂട്ടി സ്‌പീക്കർ പാലോട് രവി, പാളയം ഇമാം ഷുഹൈബ് മൗലവി, സ്വാമി സന്ദീപാനന്ദഗിരി, തമ്പാനൂർ രവി, ശൂരനാട് രാജശേഖരൻ, ടി. ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, സ്വാതന്ത്ര്യസമര സേനാനി ചെറ്റച്ചൽ ശേഖർജി, ഗാന്ധിയൻ ഗോപിനാഥൻ നായർ, ജോളി വർഗീസ്, വിനു എബ്രഹാം, സി.പി. ജോൺ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജോൺസൺ എബ്രഹാം, എം.എ. ലത്തീഫ്, പ്രയാർ ഗോപാലകൃഷ്ണൻ, മാന്നാർ അബ്ദുൾലത്തീഫ്, പി.എ. സലീം, സലാഹുദ്ദീൻ, ജ്യോതി വിജയകുമാർ, ആർ. വത്സലൻ, ബി.എസ്. ഷിജു, ബാലു കിരിയത്ത്, എം.ആർ. തമ്പാൻ, ജോർജ് ഓണക്കൂർ, പി.എസ്. പ്രശാന്ത്, എൻ.എസ്. നുസൂർ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യരംഗത്തെ പ്രമുഖർ പങ്കെടുത്തു.