തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ബലമായി കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. ഓർഡിനൻസ് ഭരണഘടനയുടെ 213 ാം വകുപ്പിന്റെ ലംഘനവും ഭരണഘടനയുടെ 43 (ബി) ഉറപ്പ് തരുന്ന സഹകരണ സ്ഥാപനങ്ങളുടെ സ്വയംഭരണ അവകാശങ്ങൾക്ക് കടകവിരുദ്ധവുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
കേരള ബാങ്കിൽ ലയിക്കണമെന്ന പ്രമേയം രണ്ടു തവണ മലപ്പുറം ജില്ലാ ബാങ്ക് ജനറൽ ബോഡി തള്ളിക്കളഞ്ഞു. അപ്പോഴാണ് രജിസ്ട്രാർ വഴി ബലമായി ലയിപ്പിക്കുന്നതിനുള്ള ഓർഡിനൻസ് മന്ത്രിസഭ അംഗീകരിച്ച് ഗവർണർക്ക് അയച്ചിരിക്കുന്നത്. മലപ്പുറം ജില്ലാ ബാങ്കിൽ തിരഞ്ഞെടുപ്പ് നടത്തി ജനകീയ ഭരണസമിതിയെ ഭരണം ഏല്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ട് 24 മണിക്കൂർ കഴിയും മുമ്പാണ് ഓർഡിനൻസ് തീരുമാനം. ഇത് കോടതിവിധിയെയും അട്ടിമറിക്കുന്നതാണ്.