തിരുവനന്തപുരം: സംസ്ഥാന സാക്ഷരതാമിഷന്റെ ഒമ്പതാമത് സംസ്ഥാന തുടർവിദ്യാഭ്യാസ കലോത്സവത്തിന് ഇന്ന് തുടക്കമാകും. കലോത്സവത്തിന്റെ ഭാഗമായി വേർപിരിഞ്ഞ സാംസ്കാരിക നായകരെ അനുസ്മരിച്ച് ജില്ലയിലെ പത്ത് സാംസ്‌കാരിക കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച സ്മൃതിയാത്ര ഇന്നലെ വൈകിട്ട് ആറോടെ യൂണിവേഴ്സിറ്റി കോളേജിൽ സംഗമിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ. മധു പതാക ഉയർത്തി.

ഇന്ന് വൈകിട്ട് 3ന് 14 ജില്ലകളുടെ നേതൃത്വത്തിൽ മാനവീയം വീഥിയിൽ നിന്ന് തുടങ്ങുന്ന സാംസ്‌കാരിക ഘോഷയാത്ര യൂണിവേഴ്സിറ്റി കോളേജിൽ എത്തിച്ചേരുന്നതോടെ കലോത്സവത്തിന് തുടക്കമാകും. 5.30ന് പെരുമ്പടവം ശ്രീധരൻ, പുന്നല ശ്രീകുമാർ, ഡോ. ടി.എൻ. സീമ,ഏഴാച്ചേരി രാമചന്ദ്രൻ, സൂര്യാകൃഷ്ണമൂർത്തി, ചിന്ത ജെറോം, പി. ശ്രീകുമാർ, സുജ സൂസൻ ജോർജ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.11ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന പ്രതിഭാസംഗമം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല അദ്ധ്യക്ഷയായിരിക്കും. 12ന് നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. യൂണിവേഴ്സിറ്റി കോളേജിലെ അഞ്ച് വേദികളിലായാണ് മത്സരം.