ആറ്റിങ്ങൽ: കിഴുവിലം പഞ്ചായത്തിൽ 6 കുടുംബങ്ങൾ തമ്മിൽ 1/4 സെന്റ് വസ്തുവിനായി വർഷങ്ങളായി നടന്നുവന്ന തർക്കങ്ങൾ പരിഹരിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ താരമായി. പൊലീസും നിയമവും ജനപ്രതിനിധികളും റസിഡന്റ്സ് അസോസിയേഷനും പരാജയപ്പെട്ട വിഷയത്തിലാണ് സ്വതസിദ്ധമായ വാക്ചാതുര്യത്താൽ പരിഹാരമുണ്ടാക്കി കളക്ടർ ഉത്തരവായത്.
തമിഴ്നാട്ടിലെ ഗ്രാമത്തിൽ സാധാരണ കൃഷിക്കാരന്റെ മകനായി ജനിച്ച ഇദ്ദേഹം അമേരിക്കയിൽ ഉന്നത ജോലി ലഭിച്ചിട്ടും അതെല്ലാം ഉപേക്ഷിച്ച് ജനസേവനത്തിനുവേണ്ടി ഐ.എ.എസ് തിരഞ്ഞെടുക്കുകയായിരുന്നു.
കിഴുവിലം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചൈതന്യ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകിട്ട് എത്തിച്ചേർന്ന ഇദ്ദേഹം തർക്ക വിഷയത്തിലെ വാദി, പ്രതികളെ വിളിച്ചുവരുത്തി വസ്തു അളന്ന് തിട്ടപ്പെടുത്തുകയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയുമായിരുന്നു. ഇദ്ദേഹത്തോടൊപ്പം ചിറയിൻകീഴ് താലൂക്ക് തഹസിൽദാർ ആർ.മനോജ്, ഭൂരേഖ തഹസിൽദാർ ഉണ്ണി രാജ, ആറ്റിങ്ങൽ വില്ലേജ് ഓഫീസർ എൻ.കെ. മനോജ് ' റീ സർവേ ടീം, കിഴുവിലം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ, ചൈതന്യ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.